Latest NewsArticleIndia

നരേന്ദ്രമോദിയെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പങ്കുവെക്കുന്ന മാലദ്വീപ് പെണ്‍കുട്ടിയുടെ വാക്കുകളും ഈറനണിയിക്കുന്ന കുറേ ഓര്‍മ്മകളും

നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ കാവല്‍ക്കാരന്റെ രണ്ടാംവട്ട പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദര്‍ശനത്താല്‍ വാര്‍ത്തകളിലിടം നേടിയ നമ്മുടെ കൊച്ചു അയല്‍രാജ്യമായ മാലദ്വീപില്‍ നിന്നും ഇന്നലെ എനിക്കൊരു ഫോണ്‍കോള്‍ കിട്ടി.മറുതലയ്ക്കല്‍ നിന്നും വന്ന ശബ്ദത്തിലുണ്ടായിരുന്ന ആവേശവും അത്ഭുതവും ശ്രദ്ധിച്ചുക്കൊണ്ടിരുന്ന ഞാനൊരുകാര്യം മനസ്സിലാക്കി.ഫോണിലൂടെ എന്നോട് സംസാരിച്ച ആ മാല്‍ദ്വീവിയന്‍ പെണ്‍കുട്ടി സഹാ അബ്ദുള്‍സിയാദ് ആവേശകൊടുമുടിയിലാണ്.മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിനോക്കുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്.പഠിപ്പിന്റെ ഇടവേളകളില്‍ രാഷ്ട്രീയം സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വാചാലയായ ആ പെണ്‍കുട്ടി എന്നെ ഇന്നലെ വിളിച്ചത് നരേന്ദ്രമോദിയെന്ന നമ്മുടെ കാവല്‍ക്കാരനെ അടുത്തു കണ്ടതിലും സംസാരിച്ചതിലും വിരുന്നില്‍ ഒപ്പം പങ്കെടുത്തതിലുമുള്ള സന്തോഷം പങ്കിടാനായിരുന്നു.വിദേശ വിശിഷ്ടാതിഥികള്‍ക്കുള്ള മാലദ്വീപിന്റെ പരമോന്നത ബഹുമതി ‘നിഷാന്‍ ഇസ്സുദ്ദീന്‍’ നല്‍കി മോദിയെ ആദരിച്ചിരുന്നത് നേരില്‍ കണ്ടതിന്റെ സന്തോഷവും അവള്‍ പറഞ്ഞു.

ഒപ്പം അവള്‍ പറഞ്ഞൊരു വാചകമുണ്ട്.”Miss,That gentleman’s simplicity and mannerisms totally changed my perspective ‘.അതേ,ആ ഒരു വാചകത്തിലെല്ലാമുണ്ടായിരുന്നു. മുന്‍ധാരണകളെയെല്ലാം എന്നും ആ മനുഷ്യന്‍ പൊളിച്ചിരുന്നത് ഇങ്ങനെയൊക്കെ തന്നെയായിരുന്നുവല്ലോ.അവളുടെ ഫോണ്‍ വച്ചതിനു ശേഷം ഞാന്‍ എന്റെ സാഹൃദലിസ്റ്റിലുള്ള മാലദ്വീപില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ മുഖപുസ്തകഭിത്തിയിലൊന്നു തിരഞ്ഞു.ഒന്ന് രണ്ട് അദ്ധ്യാപികമാര്‍ മാത്രം അതിനെ കുറിച്ച് എഴുതുകയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.ബാക്കിയുള്ളവരൊക്കെ കേരളരാഷ്ട്രീയത്തിന്റെ നന്മകള്‍ നിരത്തി വിളമ്പിയിരിക്കുന്നു.

മാലദ്വീപ് എന്ന സഞ്ചാരികളുടെ പറുദീസയില്‍ ഞാനാദ്യം ചെന്നിറങ്ങുന്നത് 2011 ജനുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില്‍ ആംഗലേയ അദ്ധ്യാപികയായിട്ടാണ്.തലസ്ഥാന നഗരമായ മാലെയില്‍ നിന്നും ഏകദേശം 76 നോട്ടിക്കല്‍ മൈല്‍ തെക്ക് വടക്കായിട്ട് സ്ഥിതി ചെയ്യുന്ന ദാല്‍ മീദുവെന്ന വെറും 43 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ചെറിയ ദ്വീപിലേയ്ക്കായിരുന്നു എന്റെ നിയമനം.അതിനു മുമ്പ് മലേഷ്യയില്‍ കേംബ്രിഡ്ജ് സിലബസ് കൈകാര്യം ചെയ്തിരുന്നതിനാല്‍ തന്നെ അദ്ധ്യാപനം ബുദ്ധിമുട്ടായിരുന്നില്ലായെങ്കിലും കുട്ടികളുടെ പെരുമാറ്റരീതി ചെറുതായിട്ട് ബുദ്ധിമുട്ടിച്ചിരുന്നു.ആ ദ്വീപ്നിവാസികള്‍ക്ക് ഇന്ത്യക്കാരോടു നല്ല സമീപനമായിരുന്നു.2011 മുതല്‍ 2017 വരെ മാലദ്വീപിലുണ്ടായിരുന്ന ഞാന്‍ പലവട്ടം സാക്ഷിയായിട്ടുണ്ട് അസ്ഥിരമായ രാഷ്ട്രീയത്തിലേയ്ക്ക് ആ കൊച്ചുരാജ്യം കൂപ്പുകുത്തുന്നതിന്.

2011 ല്‍ ഞാനവിടെ ചെല്ലുമ്പോള്‍ മുഹമ്മദ് നഷീദായിരുന്നു മാലദ്വീപ് പ്രസിഡന്റ്.1965-ല്‍ സ്വതന്ത്രമായ മാലദ്വീപില്‍ ആദ്യമായി സ്വതന്ത്രമായ, ബഹുകക്ഷി തെരഞ്ഞെടുപ്പ് നടന്നത് 2008ലാണ്.അതിനു മുന്‍പ്് 30 വര്‍ഷം (1978-2008) മൌമൂന്‍ അബ്ദുല്‍ ഗയൂമിന്റെ ഏകാധിപത്യമായിരുന്നു. 2008ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പിച്ച 41കാരനായ മുഹമ്മദ് നഷീദിന്റെ നേതൃത്വത്തിലാണ് രാജ്യം ജനാധിപത്യമാര്‍ഗത്തില്‍ പിച്ചവയ്ക്കാന്‍ തുടങ്ങിയത്.എന്നാല്‍, നാലു വര്‍ഷത്തിനകം ഗയൂമിന്റെ ആളുകള്‍ ഗയൂമിന്റെ അര്‍ദ്ധസഹോദരനായ അബ്ദുള്ള യമീന്റെയും പട്ടാളത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ അദ്ദേഹത്തെ അട്ടിമറിച്ചു.ജനാധിപത്യത്തെ സൈനിക അട്ടിമറിയിലൂടെ മലര്‍ത്തിയടിച്ച നാളുകളില്‍ മാലദ്വീപിലാകമാനം ജനകീയപ്രക്ഷോഭണം നടന്നെങ്കിലും എല്ലാത്തിനെയും ശക്തമായി പോലീസും പട്ടാളവും നേരിട്ടു.ചെറുദ്വീപായ മീദുവില്‍ വന്‍തോതിലുള്ള ജനകീയപ്രക്ഷോഭവുമായി രംഗത്തെത്തിയ നഷീദിന്റെ എം.ടി.പി പാര്‍ട്ടിയെ കുടഹുവദുവെന്ന ദ്വീപില്‍ നിന്നെത്തിയ പോലീസ് സംഘം അമര്‍ച്ചച്ചെയ്യുന്നതിനൊക്കെ ഞാന്‍ സാക്ഷിയാണ്.ഞാന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപികയായ ഫാത്തുവും (ഫാത്തിമത് തസ്‌നീം) അവരുടെ ഭര്‍ത്താവും അദ്ധ്യാപകനുമായ അസ്ലാമുമൊക്കെ ഇതിന്റെ പേരില്‍ വിചാരണനേരിട്ടവരാണ്.

2013ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അബ്ദുള്ള യമീനായിരുന്നു.അത് നേരായ മാര്‍ഗ്ഗത്തിലൂടെയായിരുന്നില്ല താനും.ഒന്നാം റൗണ്ടില്‍ ഏറ്റവും മുന്നില്‍ നഷീദായിരുന്നുവെങ്കിലും രണ്ടാം റൗണ്ടില്‍ അദ്ദേഹം യമീനോടു തോറ്റു. തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും കൂടി യമീന്റെ വിജയത്തിന് ഒത്താശചെയ്തുകൊടുത്തുവെന്ന ആരോപണം അന്ന് ശക്തമായിരുന്നു.അബ്ദുള്ള യമീന്റെ ഭരണത്തിന്റെ തുടക്കം മുതല്‍ക്കേ ഇന്ത്യയുമായിട്ട് അകലം പാലിക്കാനും ചൈനയുമായിട്ട് അടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.പ്രവാസികളായ ഇന്ത്യക്കാര്‍ അവിടെ ജോലി ചെയ്യുന്ന മേഖലകളായ വിദ്യാഭ്യാസമേഖലയിലും ആരോഗൃമേഖലയിലും ടൂറിസം മേഖലയിലും പരമാവധി തദ്ദേശീയരെ ഉള്‍പ്പെടുത്താനുള്ള ശ്രമവും തുടങ്ങി.ഇന്ത്യക്കാര്‍ക്ക് നല്കിയിരുന്ന പല ആനുകൂല്യങ്ങളും നിറുത്തലാക്കി.2014 ല്‍ ശ്രീ.നരേന്ദ്രമോദി അധികാരമേറ്റതോടെ പൂര്‍ണ്ണമായും ഇന്ത്യയെ അവഗണിച്ചുക്കൊണ്ട് ചൈനയുമായി പല കരാറുകളിലും ഒപ്പു വച്ചു.എന്തുകൊണ്ടാകും നരേന്ദ്രമോദിയോട് അബ്ദുള്ള യാമീനോട് ഈ അകല്‍ച്ച തോന്നാനുള്ള കാരണം?യമീനു മാത്രമല്ല മാലദ്വീപിലെ മുക്കാല്‍ ശതമാനം ജനങ്ങള്‍ക്കും നരേന്ദ്രമോദിയെന്ന പേരിനോടും ആ പാര്‍ട്ടിയോടും അകല്‍ച്ചയുണ്ട്.അല്ല!ഉണ്ടായിരുന്നു.എന്താണ് അതിന്റെ കാരണം? അതിലേയ്ക്ക് അല്പം ആഴത്തിലേയ്ക്ക് കടന്നുചെല്ലേണ്ടിവരും.

കുറച്ചുകാലം മുമ്പുവരെ ഇന്ത്യയുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരു ശരാശരി
മാലദ്വീപുകാരനോട് ചോദിച്ചാല്‍ ആകെയറിയാവുന്നത് കുറച്ചുപേരുകള്‍ മാത്രമാണ്.ഓരോ മാലദ്വീപുകാരനും ആരാധനയോടെ ഓര്‍ത്തിരിക്കുന്ന ഒരു നാമമാണ് ശ്രീ.രാജീവ് ഗാന്ധി.ഒപ്പം ഓപ്പറേഷന്‍ കാക്റ്റസ് എന്നതും.ലോകത്തെയാകെ ഞെട്ടിച്ച ഓപ്പറേഷന്‍ കാക്റ്റസ് ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ ഒരു വീറുറ്റ അധ്യായമാണ്. ആകാശവും കരയും ജലവും ഒരു പോലെ വഴങ്ങുന്നവര്‍ ആണ് ഇന്ത്യന്‍ സൈനികര്‍ എന്നത് ലോകത്തിന് മുന്നില്‍ തെളിയിച്ച ഇന്ത്യന്‍ ജവാന്മാരുടെ വീരഗാഥയായിരുന്നു അത്. മാലദ്വീപിലെ വ്യാപാരിയായ അബ്ദുള്ള ലുത്തുഫി ശ്രീലങ്കന്‍ തീവ്രവാദ സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈല (വേലുപ്പിള്ള പ്രഭാരകനില്‍ തെറ്റിപ്പിരിഞ്ഞ് ഉമാ മഹേശ്വരന്‍ രൂപീകരിച്ച സംഘടനയാണിത്) ത്തിന്റെ സഹായത്തോടെ ഭരണ അട്ടിമറിക്ക് ശ്രമിച്ചതാണ് 1988ലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് മാലദ്വീപ് പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂം സഹായം തേടുകയായിരുന്നു. തുടര്‍ന്ന് 1600 പേരുള്ള സൈനിക ട്രൂപ്പിനെ അദ്ദേഹം അടിയന്തരമായി മാലദ്വീപിലേക്ക് അയച്ചു. 1988 നവംബര്‍ മൂന്നിനാണ് ഇന്ത്യന്‍ ഓപ്പറേഷന്‍ ആരംഭിച്ചത്.

ഇന്ത്യന്‍ വ്യോമസേനയാണ് ആദ്യം മാലദ്വീപില്‍ എത്തിയത്. പിന്നാലെ കരസേനയും എത്തി. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന എ.കെ ബാനര്‍ജിയുടെ നിര്‍ദേശത്തിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റം. മാലദ്വീപിലെ ഭൂമിശാസ്ത്രം അറിയാവുന്ന ഏക വ്യക്തിയായിരുന്നു ബാനര്‍ജി. തീവ്രവാദികളുമായി കടുത്ത പോരാട്ടമാണ് സൈന്യം നടത്തിയത്. നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ തടങ്കലിലാക്കിയ രണ്ടുപേരും ഇക്കൂട്ടത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ നേവിയും ആര്‍മിയും തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് പല തീവ്രവാദികളെയും പിടിക്കാന്‍ സാധിച്ചത്. ഇവരെ പിന്നീട് മാലിദ്വീപ് സര്‍ക്കാരിന് കൈമാറുകയായിരുന്നു. അതോടെ ഇന്ത്യയും രാജീവ് ഗാന്ധിയും ഗാന്ധികുടുംബവും മാലദ്വീപ് ജനതയുടെ ആരാധനാപാത്രമായി മാറി.

ബി.ജെ.പിയെന്ന പാര്‍ട്ടിയെയും നരേന്ദ്രമോദിയെയും വര്‍ഗ്ഗീയവാദത്തിന്റെ സംജ്ഞകളായി മാലിദ്വീപുകാര്‍ കരുതാന്‍ കാരണങ്ങളിലൊന്ന് ബാബറി മസ്ജിദ് വിവാദവും ഗുജറാത്ത് കലാപവുമാണ്.മറ്റൊന്ന് ആ രാജ്യത്തെ പത്രമാധ്യമങ്ങളാണ്.മൂന്നാമത്തെ കാരണം അവിടെ ജോലി ചെയ്യുന്ന ഇതരരാഷ്ട്രീയക്കാരായ ഇന്ത്യക്കാരാണ്.അതേ,പലപ്പോഴും നമ്മിലുള്ള അന്ധമായ രാഷ്ട്രീയവിരോധം സ്വന്തം രാജ്യത്തിന്റെ ഭരണാധികാരിയെ ഏറ്റവും മോശം രീതിയില്‍ തരംതാഴ്ത്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന രീതിയിലായിട്ടുണ്ട്.ഇതിനു ഞാനും എത്രയോ വട്ടം സാക്ഷിയായിട്ടുണ്ട്.മോദി ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോള്‍ സ്റ്റാഫ്‌റൂമില്‍ തദ്ദേശീയരായ അദ്ധ്യാപകര്‍ക്കുമുന്നില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹത്തെ വര്‍ഗ്ഗീയവാദിയാക്കി ചായക്കടക്കാരനാക്കി അപമാനിച്ചത് മലയാളിയായ പത്തനംതിട്ടക്കാരന്‍ പ്രിന്‍സിപ്പല്‍.കൂടെ ഏറാന്‍മൂളികളായ കുറച്ച് മലപ്പുറം കോയകളും.ബീഫുമായി ബന്ധപ്പെട്ട കൊലപാതകത്തെയും ഗോവധനിരോധനത്തെയും അവിടെ ഉയര്‍ത്തിക്കാട്ടിയത് ഇന്ത്യയിലാകമാനം ബീഫ് നിരോധിക്കുന്നുവെന്ന വാര്‍ത്ത പടച്ചുക്കൊണ്ടായിരുന്നു.ആ ജൂണിലെ ചെറിയ ഇടവേളയില്‍ എനിക്കൊപ്പം തിരുവനന്തപുരത്തെത്തിയ മാലദ്വീപുകാരായ അദ്ധ്യാപകര്‍ക്ക് തിരുവനന്തപുരത്തെ താമരശ്ശേരി ചുരമെന്ന ഭക്ഷണശാലയില്‍ കൊണ്ടുപോയി ആവോളം ബീഫ് വിഭവങ്ങള്‍ നല്കി ആ ആരോപണത്തെ തെറ്റാണെന്നു തെളിയിച്ചത് എന്നിലെ ദേശീയത.

അങ്ങനെയെത്ര ഉദാഹരണങ്ങള്‍. ആത്മാര്‍ത്ഥത കൈമുതലായിട്ടുള്ള സഹപ്രവര്‍ത്തര്‍ക്കൊപ്പം കുത്തിതിരുപ്പും പരദൂഷണവും അലങ്കാരമാക്കിയ ചെറിയൊരു ശതമാനം ഇന്ത്യക്കാരും എല്ലാ ദ്വീപുകളിലും ഉണ്ട്.പലപ്പോഴും അത്തരക്കാര്‍ ആയുധമാക്കാറുണ്ട് മതമെന്ന ഏറ്റവും സെന്‍സിറ്റീവായ വിഷയം തന്നെയാണ്. അവിടുത്തുകാരുടെ മുന്നില്‍ എന്റെ മതം ഫോക്കസ് ചെയ്തുകൊണ്ട് ഇസ്ലാംവിരുദ്ധത എന്നിലുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ‘നല്ലവരായ ‘ സഹപ്രവര്‍ത്തകരെ എങ്ങനെ മറക്കാനാണ്? ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും യഥാര്‍ത്ഥ ശത്രുക്കള്‍ ചൈനയോ പാക്കിസ്ഥാനോ അല്ലെന്നും സ്വന്തം നാട്ടുകാര്‍ തന്നെയെന്നും അടിവരയിട്ടു തെളിയിച്ച എത്രയോ സംഭവങ്ങള്‍ എനിക്ക് നേരിട്ടനുഭവപ്പെട്ടതാണ്. എഴുത്തുകാരനായ ശ്രീ.ജയചന്ദ്രന്‍ മൊകേരിയൊക്കെ അതിന്റെ ഇരയുമാണ്.

jayachandran mokeri

കഴിഞ്ഞഎന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനും മുമ്പ് വിദേശകാര്യവകുപ്പും പ്രവാസികാര്യവകുപ്പും പ്രത്യേകം തന്നെയാണ് കൈകാര്യം ചെയ്തുപോന്നത്. രണ്ടിലും മലയാളികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. വിദേശകാര്യവകുപ്പില്‍ ഇ. അഹമ്മദ് സാഹിബും പ്രവാസികാര്യ വകുപ്പില്‍ വയലാര്‍ജിയും എത്തിയപ്പോള്‍ ആരെക്കാളും ആഹ്ലാദിച്ചത് പ്രവാസി മലയാളികള്‍ തന്നെയായിരുന്നു. പക്ഷെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങള്‍ നടന്നോ എന്ന് ചോദിച്ചാല്‍ എല്ലാ പ്രവാസികള്‍ക്കും മറുപടി പരാതി രൂപത്തില്‍ തന്നെയായിരിക്കും.2014ലെ മോദി മന്ത്രിസഭയിലെ വിദേശ കാര്യമന്ത്രി ആയിരുന്ന സുഷമസ്വരാജാണ് കാര്യക്ഷമതയുടെ പര്യായമാക്കി വിദേശകാര്യവകുപ്പിനെ മാറ്റുന്നത്.പ്രവാസവകുപ്പ് ഇല്ലാതാക്കി പ്രവാസകാര്യത്തെ വിദേശകാര്യത്തിന് കീഴില്‍ കൊണ്ട് വന്ന അവരുടെ ഭരണമികവിനെ സാക്ഷപ്പെടുതാന്‍ എത്രയെത്ര ജീവിതസാക്ഷ്യങ്ങള്‍. അവരുടെ മാനുഷികപരിഗണനയിലും നീതിനിര്‍വ്വഹണത്തിലും കരുപ്പിടിച്ച എത്രയെത്ര കുടുംബങ്ങള്‍.

External affairs minister sushama swarajs tri nation visit begins

ചെയ്യാത്ത കുറ്റത്തിന് ഒന്‍പതു മാസത്തോളം മാലദ്വീപില്‍ തടവില്‍ കഴിയേണ്ടി വന്ന ജയചന്ദ്രന്‍ മൊകേരിയെന്ന കോഴിക്കോട്ടുകാരനായ അധ്യാപകനെ ഇന്ന് നമ്മള്‍ അറിയുന്നത് എഴുത്തിന്റെ വഴികളിലൂടെയാണ്. അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും സ്ഫുടം ചെയ്‌തെടുത്ത അക്ഷരങ്ങള്‍ കൊണ്ട് അദ്ദേഹം ഇന്ന് മലയാളികളെ വിസ്മയിപ്പിക്കുന്നത് തക്കിജ്ജയെന്ന പുസ്തകത്തിലൂടെയാണ്. തക്കിജ്ജയിലൂടെ അദ്ദേഹം കോറിയിടുന്നത് ഓരോ പ്രവാസിയും കടന്നു പോകേണ്ടി വരുന്ന അഗ്‌നിപരീക്ഷകളാണ്. അദ്ദേഹം ഞാന്‍ ജോലി ചെയ്ത ദ്വീപിനടുത്തുള്ള ദ്വീപിലെ അദ്ധ്യാപകനായിരുന്നു.ഒരു വിദ്യാര്‍ത്ഥിയെ ശകാരിച്ച കുറ്റത്തിനു ജയിലില്‍ കഴിയേണ്ടി വന്ന ആ അദ്ധ്യാപകന്‍ ഇന്ന് അദ്ദേഹം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നത് ദൈവത്തിനു മാത്രമല്ല. കൂടെ സുഷമാ സ്വരാജ് എന്ന നമ്മുടെ മുന്‍ വിദേശകാര്യമന്ത്രിയോടാണ്. മിക്ക വിദേശരാജ്യങ്ങളിലുമെന്നതു പോലെ മാലദ്വീപിലെയും ഇന്ത്യന്‍ എംബസ്സി കെടുകാര്യസ്ഥതയുടെ പര്യായമാണ്. ഏകദേശം എട്ടു മാസത്തോളം ചെയ്യാത്ത കുറ്റത്തിന് ഒരിന്ത്യന്‍ അദ്ധ്യാപകന്‍ മാലദ്വീപിലെ തടവില്‍ കിടന്നപ്പോള്‍ അയാളുടെ മോചനത്തിനായി മാലദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഓഫിസ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ലയെന്നതു ലജ്ജാവഹം തന്നെയാണ്.കേരളത്തിലെ മിക്ക രാഷ്ട്രീയനേതാക്കളും പക്ഷേ രാഷ്ട്രീയഭേദമെന്യേ മോകേരിയുടെ മോചനത്തിനായി രംഗത്തിറങ്ങിയെന്നതു ശ്രദ്ധേയമായ വസ്തുതയാണ്.

sushama swaraj

സുഷമാസ്വരാജ് നേരിട്ട് ഹൈക്കമ്മിഷന്‍ ഓഫിസില്‍ ബന്ധപ്പെട്ടപ്പോഴാണ് മൊകേരിയുടെ മോചനം സാധ്യമായത്. ഇടനിലക്കാരിലൂടെ മാത്രം പലപ്പോഴും പല കാര്യങ്ങളിലും ഇടപ്പെടുന്ന മന്ത്രിമാര്‍ക്ക് ഒരപദാനമാണ് സുഷമാ സ്വരാജിന്റെ ഈ പ്രവര്‍ത്തി. അവരുടെ ശക്തമായ താക്കീതില്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പിന്നീടു അസാധ്യമെന്നു കരുതിയ മോചനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ നടന്നുവെന്നത് ചരിത്രം. അതുമാത്രമല്ല മൊകേരിയുടെ മോചനത്തിലൂടെ മറ്റു രണ്ടു പേര്‍ക്ക് കൂടി ഇരുട്ടറയില്‍ നിന്നും ജീവിതത്തിന്റെ താക്കോല്‍ തിരികെ കിട്ടി. അതിലൊന്ന് കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടു വര്‍ഷങ്ങളായി മാലിജയിലില്‍ കിടന്നിരുന്ന വര്‍ക്കല സ്വദേശിനി റുബീനയും ചെയ്യാത്ത കുറ്റത്തിന് വെറുതെ ശിക്ഷിക്കപ്പെട്ട കോട്ടയം അരീക്കര സ്വദേശി രാജേഷുമായിരുന്നു ആ രണ്ടു പേര്‍. പിന്നീട് എന്റെ ദ്വീപില്‍ എനിക്കൊപ്പം ജോലിചെയ്തിരുന്ന അദ്ധ്യാപകനായ ജവാദ്ഹാജയെന്ന തമിഴ്‌നാടുകാരനും അറസ്റ്റിലായി ജയിലടയ്ക്കപ്പെട്ടു.കഴിഞ്ഞ കൊല്ലം സുഷമാ സ്വരാജിന്റെ ഇടപെടല്‍ മൂലം അദ്ദേഹവും ജയില്‍മോചിതനായി.മാലദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാരില്‍ മോദിയെയും മോദി സര്‍ക്കാരിനെയും തള്ളിപ്പറയുന്നവര്‍ക്ക് ഇക്കാര്യങ്ങളൊന്നും നിഷേധിക്കാന്‍ കഴിയില്ല.ജവാദ് ഹാജയെന്ന അദ്ധ്യാപകന്റെ മോചനവുമായി ബന്ധപ്പെട്ട് എന്റെ സ്‌കൂളിലെ ലീഡിങ് ടീച്ചറായ മാലദ്വീപുകാരിയെ വിളിച്ചപ്പോള്‍ അവര്‍ ചോദിച്ചത് മോദിയുടെ വിദേശകാര്യവകുപ്പ് ഒരു മുസ്ലീം അദ്ധ്യാപകനെ മോചിപ്പിക്കാന്‍ സഹായിക്കുമോ എന്നായിരുന്നു.ആ രീതിയിലാണത്രേ അവിടുത്തെ തമിഴനായ മറ്റൊരദ്ധ്യാപകന്‍ അവരെ ധരിപ്പിച്ചിരുന്നത്.

അധികാരം നിലനിര്‍ത്താനായി ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത ഒരു ഏകാധിപതിയുടെ ചിത്രം അബ്ദുള്ള യാമിന്റെ ഭരണത്തിന്റെ പകുതിമുതല്‍ മാലദ്വീപുകാര്‍ക്ക് ലഭിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യയുമായി പഴയതുപോലെ കൂടുതലടുക്കാന്‍ അവിടുത്തെ ജനങ്ങള്‍ ആഗ്രഹിച്ചുതുടങ്ങി.ഒപ്പം ലോകരാജ്യങ്ങളില്‍ മോദിയെന്ന ഭരണാധികാരി നടത്തുന്ന യാത്രകളും ഇടപെടലുകളും ശ്രദ്ധിച്ചുംതുടങ്ങി.യമീന്റെ ഭരണകാലത്ത് ഒട്ടേറെ വന്‍ നിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്തുകൊണ്ട് മാലദ്വീപില്‍ തന്ത്രപരമായ സ്വാധീനം ഉറപ്പിക്കാന്‍ ചൈന തീവ്രശ്രമം നടത്തിവരികയായിരുന്നു. ഹുലൂലെ ദ്വീപിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം, തലസ്ഥാന ദ്വീപായ മാലെയുമായി ഹുലുലെയെ കൂട്ടിയിണക്കുന്ന രണ്ടു കിലോമീറ്റര്‍ നീളമുള്ള പാലം എന്നിവയൊക്കെ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വിമാനത്താവള വികസനത്തിനു നേരത്തെ ഒരു ഇന്ത്യന്‍ കമ്പനിയുമായാണ് കരാറുണ്ടാക്കിയിരുന്നത്. പിന്നീടതു റദ്ദാക്കി. ലോകത്തിന്റെ പലഭാഗങ്ങളുമായി ചൈനയെ കൂട്ടിയിണക്കുന്ന ഒരു മേഖല, ഒരു റോഡ് എന്ന സ്വപ്നപദ്ധതിയില്‍ പങ്കാളിയാകാന്‍ തയാറായ ആദ്യരാജ്യങ്ങളില്‍ ഒന്നായി മാറി മാലദ്വീപ് എന്നത് ശ്രദ്ധേയം. എല്ലാ പദ്ധതികളിലുമായി മൊത്തം നൂറു കോടി ഡോളറിനു ചൈനയ്ക്കു മാലദ്വീപ് കടപ്പെട്ടപ്പോള്‍ മാലദ്വീപുകാര്‍ അപകടം മണത്തുതുടങ്ങി.മാലദ്വീപില്‍ മത യാഥാസ്ഥിതികത്വം, തീവ്രവാദം, കടല്‍ക്കൊള്ള, കള്ളക്കടത്ത്, മയക്കുമരുന്നുകടത്ത് എന്നിവ തഴച്ചുവളര്‍ന്നതും ഗയൂമിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു.

2018ലെ തെരഞ്ഞെടുപ്പ് യമിന്റെ ദുര്‍ഭരണത്തിനു നല്കിയ മറുപടി കനത്തതായിരുന്നു.അബ്ദുള്ള യമീനെ അധികാരത്തില്‍ നിന്ന് പുറത്തെറിഞ്ഞ് ജനം വിധിയെഴുതി.പ്രതിപക്ഷ സഖ്യത്തിന്റെ ഇബ്രാഹിം സോലിയെ ജനം പ്രസിഡന്റായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇബ്രാഹിം സോലിയെ അഭിനന്ദിച്ച് പ്രസ്താവനയിറക്കിയപ്പോള്‍ അത് ഇരു രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന അകല്‍ച്ചയുടെ മഞ്ഞുരുക്കി.ഇപ്പോഴിതാ കാവല്‍ക്കാരന്റെ സന്ദര്‍ശനം ഒരു ജനതയുടെ മനസ്സിലുണ്ടായിരുന്ന അകല്‍ച്ചയെയും!മാലദ്വീപിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി കൊണ്ടു പോയത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റാണ് .കടുത്ത ക്രിക്കറ്റ് ആരാധകന്‍കൂടിയായ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിനെ കാണാന്‍ പോയപ്പോള്‍ സമ്മാനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംശയമുണ്ടായില്ല.’അയല്‍ക്കാര്‍ ആദ്യം ‘എന്ന നയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മാലദ്വീപ് യാത്ര മാലദ്വീപുകാരുടെ ചിരകാല അഭിലാഷം നിറവേറ്റിക്കൊണ്ടായിരുന്നു.

കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് ഫെറി സര്‍വീസ് ആരംഭിക്കാനുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയായിരുന്നു ആ ചിരകാല ആഗ്രഹം.നഷീദ് ഭരണത്തിലിരുന്ന ആദ്യകാലങ്ങളില്‍ അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായിരുന്നു.അപ്പോഴായിരുന്നു അദ്ദേഹം അപ്രതീക്ഷിതമായി അട്ടിമറിക്കപ്പെട്ടത്.ഏകദേശം 700 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്ന് മാലെയിലേക്കുള്ള കടല്‍ദൂരം. ഈ ഫെറി സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളുടെയും ടൂറിസം മേഖലകളില്‍ കൂടുതല്‍ സാദ്ധ്യതകളേറും.യാത്രയ്ക്കും ചരക്കുകൈമാറ്റത്തിനും ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ദിവസ സര്‍വീസ്.

2018 നവംബറില്‍ സോലിഹിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദി എത്തിയിരുന്നു. എന്നാല്‍ ഉഭയകക്ഷിചര്‍ച്ചയ്ക്കായി ഇക്കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് മാലദ്വീപിലെത്തുന്നത്. മുന്‍ മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ 2018 ഫെബ്രുവരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. ചൈനയുമായുള്ള മാലദ്വീപിന്റെ പുതിയ വ്യാപാര കരാറും ഇന്ത്യക്കാര്‍ക്കുള്ള വര്‍ക്ക് വീസയില്‍ യമീന്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതുമെല്ലാം ഇതിനു കാരണമായി. എന്നാല്‍ സോലിഹ് അധികാരത്തിലെത്തിയതോടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു.

ഇന്നലെ എന്നെ വിളിച്ച സഹയൊരു ഉദാഹരണം മാത്രം. ഒരിക്കല്‍ വെറുപ്പോടെ കണ്ടിരുന്നവര്‍ ഇന്ന് ആരാധനയോടെ ആ വരവ് ആഘോഷിക്കുന്നു. ഇന്ന് മാലദ്വീപുകാര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും രാജീവ്ജിയെ പോലെ മറ്റൊരാള്‍ കൂടി പ്രിയപ്പെട്ടവനാകുന്നു. അതാണ് നരേന്ദ്രമോദിയെന്ന നമ്മുടെ, അല്ല അവരുടെയും കൂടി കാവല്‍ക്കാരന്‍!

( മാലദ്വീപിലെ ദാല്‍ അറ്റോള്‍ സ്‌കൂളിലെ മുന്‍ ആംഗലേയ അദ്ധ്യാപികയും മാലദ്വീപ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് ലക്ചററുമാണ് ലേഖിക)

shortlink

Related Articles

Post Your Comments

Related Articles


Back to top button