Latest NewsIndiaInternational

ഇന്ത്യയിലേക്ക് മടങ്ങാമെന്ന് സകീര്‍ നായിക് , എന്നാൽ അറസ്റ്റും ജയിൽവാസവും ഉണ്ടാവില്ലെന്ന് സുപ്രീം കോടതി ഉറപ്പ് നൽകണം

ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ രീതി ഇതായിരിക്കേ, തന്റെ ജീവിതവും ദൗത്യങ്ങളും നശിപ്പിക്കാനുള്ള ഒരു ചാന്‍സ് എടുക്കാന്‍ താന്‍ ഒരുക്കമല്ല.-സകീര്‍ നായിക്

ന്യുഡല്‍ഹി: കള്ളപ്പണം വെളിപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സകീര്‍ നായിക് ഇന്ത്യയിലെത്തുന്നതിന് ഉപാധി വച്ചു. താന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതുവരെ അറസ്‌റ്റോ ജയില്‍വാസമോ ഉണ്ടാവില്ലെന്ന് സുപ്രീം കോടതിയുടെ ഉറപ്പ് എഴുതി നല്‍കിയാല്‍ മാത്രമേ ഇന്ത്യയിലേക്ക് വരൂ. വിവാദങ്ങളില്‍ പെട്ടതോടെ ഇന്ത്യ വിട്ട സാകിര്‍ നായിക്, തനിക്ക് ഇന്ത്യയിലെ കോടതികളില്‍ വിശ്വാസമുണ്ടെന്ന് പറയുമ്പോഴൂം പ്രോസിക്യുഷന്‍ സംവിധാനത്തില്‍ തീരെ വിശ്വാസമില്ലെന്നും പറയുന്നു.

ഇന്ത്യയില്‍ നേരിടുന്ന 139 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈ കോടതിയില്‍ നിന്നും സകീര്‍ നായികിനെതിരെ ജാമ്യമല്ലാ അറസ്റ്റ് വാറണ്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു സകീർ നായിക് . ആരോപണങ്ങളും പരാതികളുമല്ലാതെ, ലോകത്തെവിടെയും ഒരു കോടിയില്‍ നിന്നും തനിക്കെതിരെ ഒരു വിധി പോലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ രീതി എന്താണെന്നു വച്ചാല്‍ അറസ്റ്റിലായി 8-20 വര്‍ഷം വരെ ജയിലില്‍ കഴിഞ്ഞശേഷമായിരിക്കും നിരപരാധിയെന്ന് കോടതി വിധിക്കുമ്പോള്‍ പുറത്തിറങ്ങുന്നത്.

ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ രീതി ഇതായിരിക്കേ, തന്റെ ജീവിതവും ദൗത്യങ്ങളും നശിപ്പിക്കാനുള്ള ഒരു ചാന്‍സ് എടുക്കാന്‍ താന്‍ ഒരുക്കമല്ല.-സകീര്‍ നായിക് പറയുന്നു.അറസ്റ്റു വാറണ്ട് ഉണ്ടായാല്‍ സകീര്‍ നായികിനെ പിടികൂടുന്നതിന് എന്‍ഫോഴ്‌സ്‌മെന്റിന് ഇന്റര്‍പോളിന്റെ സഹായം തേടാം. നിലവില്‍ സകീര്‍ കഴിയുന്ന മലേഷ്യ അടക്കം 193 രാജ്യങ്ങളില്‍ ഇന്റര്‍പോള്‍ സേവനം ഇന്ത്യയ്ക്ക് ലഭിക്കും.

ഇതോടെ ഇന്ത്യയുമായുളള കരാര്‍ പ്രകാരം സകിറിനെ ഇന്ത്യയ്ക്ക് മലേഷ്യ വിട്ടുനല്‍കും.അതേസമയം, ഇന്ത്യയില്‍ നിഷ്പക്ഷമായ ഒരു വിചാരണ ലഭിക്കില്ലെന്ന് സകീര്‍ നായികിന് പരാതിയുണ്ടെങ്കില്‍ അദ്ദേഹത്തെ വിട്ടുനല്‍കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹതീര്‍ മുഹമ്മദ് ഇന്നലെ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button