Latest NewsIndia

രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; വണ്ടി വാങ്ങാന്‍ ആളില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2019 മെയ് മാസത്തില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ 20.55 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. കേവലം 2,39,347 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് മെയ് മാസം നിരത്തിലെത്തിയത്. കഴിഞ്ഞ മെയില്‍ വാഹന വില്‍പ്പന 3,01,238 ആയിരുന്നു.

യാത്രാ വാഹനങ്ങള്‍ക്കു പുറമേ എല്ലാ പ്രധാന വാഹന വിഭാഗങ്ങളിലും വില്‍പ്പന പിന്നോട്ടാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാണിജ്യ വാഹന വില്‍പ്പനയില്‍ 10.02 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ 68,847 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ് വിറ്റത്. ഇരുചക്ര വാഹനങ്ങളുടെ മൊത്ത വില്‍പ്പനയും കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 6.73 ശതമാനം ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ വാഹനവിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത യാത്രാ വാഹന വില്‍പ്പന മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 25.06 ശതമാനമാണ് ഇടിഞ്ഞത്. ഈ മെയില്‍ 1,21,018 വാഹനങ്ങളെ മാരുതി നിരത്തിലെത്തിച്ചപ്പോള്‍ മുഖ്യ എതിരാളിയായ ഹ്യുണ്ടായി 5.57 ശതമാനം ഇടിവോടെ 42,502 യൂണിറ്റുകളും വിറ്റു.

2018 മെയ് മാസത്തില്‍ 18,50,698 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ വര്‍ഷം മെയില്‍ 17,26,206 യൂണിറ്റ് മാത്രമാണ് വിറ്റത്. എല്ലാ വാഹന വിഭാഗത്തിലുമായി 8.62 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. 20,86,358 യൂണിറ്റുകളാണ് ആകെ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 22,83,262 യൂണിറ്റായിരുന്നു. എന്നാല്‍ മൊത്ത വിപണിയെ അപേക്ഷിച്ച് റീട്ടെയില്‍ വാഹന വിപണി മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button