Latest NewsIndia

സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ എത്താന്‍ വൈകിയത് ചര്‍ച്ചയായി; മറുപടിയുമായി രാഹുല്‍ രംഗത്ത്

പതിനേഴാം ലോക്‌സഭയിലേക്കുള്ള എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാക്കി എന്‍.ഡി.എ. സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാര്‍ ചുമതലയേറ്റതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ആര്‍.പി.ഐ എം.പി രാംദാസ് അത്താവലെ രാഹുല്‍ ഗാന്ധി എവിടെയെന്ന് സഭയില്‍ ചോദിച്ചത്. രാഹുല്‍ ഇവിടെ തന്നെയുണ്ടെന്നും ഉടന്‍ എത്തിച്ചേരുമെന്നും പ്രതിപക്ഷം മറുപടി നല്‍കി.

തുടര്‍ന്ന് ഉച്ചക്ക് ശേഷം ഇതിന് മറുപടിയായി രാഹുലിന്റെ ട്വീറ്റ് എത്തുകയായിരുന്നു. ഒടുവില്‍ താന്‍ ഉച്ചയ്ക്കുശേഷം സത്യപ്രതിജ്ഞ ചെയ്യുമെന്നു രാഹുല്‍ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. ‘ലോക്സഭയിലെ എന്റെ തുടര്‍ച്ചയായ നാലാം അംഗത്വം ഇന്ന് ആരംഭിക്കുകയാണ്. കേരളത്തിലെ വയനാടിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് പാര്‍ലമെന്റിലെ എന്റെ പുതിയ ഇന്നിങ്സ് ആരംഭിക്കുന്നത്. ഉച്ചയ്ക്കുശേഷം ഞാന്‍ സത്യപ്രതിജ്ഞ ചെയ്യും.’ ട്വീറ്റോടെ രാഹുല്‍ വരില്ലെന്നുള്ള അഭ്യൂഹങ്ങള്‍ക്കു വിരാമമാകുകയായിരുന്നു..

സഭയിലെ 542 അംഗങ്ങളും അടുത്ത രണ്ട് ദിവസങ്ങള്‍ കൊണ്ട് ചുമതലയേല്‍ക്കും. 2014 തെരഞ്ഞെടുപ്പിലെ 44ല്‍ നിന്നും, 52 സീറ്റുകളാണ് ഇത്തവണ കോണ്‍ഗ്രസ് നേടിയത്. ഇരു സഭകളിലേയും നേതാക്കന്‍മാരെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. അതിനിടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചു. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച സോണിയാ ഗാന്ധി, മലയാളി എം.പിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button