KeralaLatest News

ഖരമാലിന്യത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ധാരണാപത്രമായി

തിരുവനന്തപുരം: കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നും കെഎസ് ഇബി വൈദ്യുതി വാങ്ങുന്നതിനുള്ള ധാരണാപത്രമായി. വൈദ്യുതിമന്ത്രി എം.എം.മണിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ കരാറുകാരായ ജി.ജെ.എക്കോപവർ പ്രൈവറ്റ് ലിമിറ്റഡുമായാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് കരാറിൽ ഒപ്പുവെച്ചത്. ഖരമാലിന്യപദ്ധതികളിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനായി വൈദ്യുതി ബോർഡ് ഏർപ്പെടുന്ന ആദ്യ കരാറും സംസ്ഥാനത്തെ ആദ്യപദ്ധതിയുമാണിത്.

ഇരുപത് വർഷത്തേക്ക് യൂണിറ്റൊന്നിനു 6.17 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. വൈദ്യുതിബോർഡ് ഇപ്പോൾ വാങ്ങുന്ന വൈദ്യുതിയുടെ വിലയേക്കാൾ നിരക്ക് കൂടുതലാണെങ്കിലും ഇതിന്റെ ഭാരം ഉപഭോക്താക്കൾക്കു വഹിക്കേണ്ടിവരില്ല. കരാർ പ്രകാരം കൊച്ചി കോർപ്പറേഷൻ പ്രതിദിനം നൽകുന്ന 300 എംടി ഖരമാലിന്യത്തിൽനിന്നും പ്രതിവർഷം 47 ദശക്ഷം യൂണിറ്റ് വൈദ്യുതി പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണം തുടങ്ങി 18 മാസത്തിനകം പദ്ധതി പൂർത്തീകരിക്കാനാകും. ഖരമാലിന്യത്തിലെ സുഗമമായി കത്തുന്ന ഘടകങ്ങളെ വേർതിരിച്ച് അവയെ വാതകമാക്കി മാറ്റി സ്റ്റീം ടർബൈൻ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്‌ളാന്റ് പ്രവർത്തിപ്പിക്കുന്നതിനാൽ പരിസര മലിനീകരണമോ ദുർഗന്ധമോ ഉണ്ടാവില്ല. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന് സഹായകമാകുന്ന ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും അവിടെനിന്നും ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന നിരക്കിൽ വാങ്ങാനും കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. ഊർജവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിളള തുടങ്ങിയവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button