Latest NewsArticle

മലയാളിയുടെ ഹൃദയങ്ങളിലേക്കും മനസുകളിലേക്കും കുളിര്‍മഴയായി പെയ്തിറങ്ങാന്‍ വീണ്ടും ശ്രേയ ഘോഷാല്‍

- അഞ്ജു പാര്‍വതി പ്രഭീഷ്

മലയാളിയുടെ ഹൃദയത്തിലേയക്ക് ,ആത്മാവിലേയ്ക്ക് കുളിര്‍മഴയായ് പെയ്തിറങ്ങാന്‍ വീണ്ടും ശ്രേയയുടെ സ്വരമെത്തുകയാണ്.ആലാപന സൗന്ദര്യം കൊണ്ട് ചിത്രയും സുജാതയും ഇന്നും നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും മലയാളചലച്ചിത്രസംഗീതപൂങ്കാവനത്തില്‍ പാറിപ്പറക്കുന്ന മനോഹരമായ ഒരു വിസ്മയമാവുകയായിരുന്നു ശ്രേയ ഘോഷാലെന്ന മറുനാടന്‍ ഗായിക. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടുപോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ഈ പെണ്‍കുട്ടിയെയും അവളുടെ സ്വരമാധുരിയേയും ഒരുപാടൊരുപാട് ഇഷ്ടമാണ് നമ്മള്‍ മലയാളികള്‍ക്ക്.

sreya ghoshal

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളെന്ന ഈസ്റ്റ് കോസ്റ്റ് ബാനറിന്റെ പുത്തന്‍ പ്രണയചിത്രത്തില്‍ ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന അതിമനോഹരമായ ശ്രേയയുടെ സ്വരമാധുരിയില്‍ കേള്‍ക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് നല്കുന്നത് പാട്ടിന്റെ പൂക്കാലം! എത്ര കഷ്ടപ്പെട്ടും ഓരോ വരിയുടേയും അര്‍ത്ഥം മനസ്സിലാക്കി, വരികളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന്, ഓരോ വരിയും ആവശ്യപ്പെടുന്ന ഭാവം ചാലിച്ചു ചേര്‍ത്തുകൊണ്ടാണ് ശ്രേയ പൂവ് ചോദിച്ചുവെന്ന ഈ പ്രണയഗാനം പാടിയിരിക്കുന്നത്.

Chila NewGen Nattuvisheshangal

2002 ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ശ്രേയ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത് ആ ചിത്രത്തിലെ ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ്. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന്മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.വിജയം കൂടുംതോറും വിനയം കൂടുന്ന മനുഷ്യജീവിതത്തിന്റെ ജീവിക്കുന്ന ഉദാത്ത മാതൃകയാണ് ഈ ഗായിക.

sreya-jayachandran

മലയാളത്തില്‍ എം.ജയചന്ദ്രന്‍- ശ്രേയ ഘോഷാല്‍ കൂട്ടുകെട്ടില്‍ പിറവി കൊണ്ട ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു.ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങളിലെ പ്രണയം തുളുമ്പുന്ന ഈ ഗാനം ആ തേനോലുന്ന ശബ്ദത്താല്‍ കൂടുതല്‍ മധുരിതമായി ഇന്ന് അഞ്ച് മണിക്ക് അതിന്റെ ദൃശ്യഭംഗിയോടെ പെയ്തിറങ്ങുമ്പോള്‍ ആസ്വാദനത്തിന്റെ പുതിയൊരു അനുഭവതലമായിരിക്കും നമ്മള്‍ അനുഭവിക്കുക!

shortlink

Related Articles

Post Your Comments

Related Articles


Back to top button