KeralaLatest News

വൈദ്യുതി അപകടം; പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് കെഎസ്ഇബി, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് കോടതി

കൊച്ചി : സംസ്ഥാനത്തു വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാകുമെന്നു കെഎസ്ഇബി അറിയിക്കണമെന്ന് ഹൈക്കോടതി. ഉന്നതതല യോഗം ചേര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ ജൂലൈ 4നു റിപ്പോര്‍ട്ടായി നല്‍കാനാണ് നിര്‍ദേശം. തിരുവനന്തപുരം പേട്ടയില്‍ കനത്ത മഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു 2 പേര്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.

എന്തു കൊണ്ടു ലൈനുകള്‍ പൂര്‍ണമായും ഭൂഗര്‍ഭ കേബിളുകളാക്കി മാറ്റുന്നില്ലെന്നു കോടതി നേരത്തേ ആരാഞ്ഞിരുന്നു. 17,000 കോടി രൂപ ചെലവു വരുമെന്നാണു നാലു വര്‍ഷം മുന്‍പ് വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. വൈദ്യുതി ലൈന്‍ പൊട്ടിയാല്‍ തനിയെ ഓഫ് ആകുന്ന സാങ്കേതിക സംവിധാനം 11 കെവി മുതല്‍ മുകളിലേക്കുള്ള ലൈനുകളിലേയുള്ളൂ. ലോ ടെന്‍ഷന്‍ വിതരണ ലൈനുകളില്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള വിജയകരമായ സാങ്കേതിക വിദ്യ ഇപ്പോഴില്ല.

തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളില്‍ പൂര്‍ണമായും 43 മറ്റു നഗരങ്ങളില്‍ ഭാഗികമായും 11കെവി ലൈനുകള്‍ ഭൂഗര്‍ഭ കേബിളുകളാക്കി മാറ്റിക്കഴിഞ്ഞു. അപകട സാധ്യതയും വൃക്ഷങ്ങള്‍ കൂടുതലുമുള്ള 10,000 കിലോമീറ്റര്‍ സ്ഥലത്തു ഭൂഗര്‍ഭ കേബിള്‍, കവേര്‍ഡ് കണ്ടക്ടര്‍,ഏരിയല്‍ കേബിള്‍ എന്നിവ സ്ഥാപിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ഇതില്‍ ലോടെന്‍ഷന്‍ ലൈനും ഉള്‍പ്പെടും. ഭൂഗര്‍ഭ കേബിളിലേക്കു മാറുമ്പോള്‍ ബോര്‍ഡിന്റെ പ്രസരണ നഷ്ടവും അറ്റകുറ്റപ്പണിക്കുള്ള ചെലവും കാര്യമായി കുറയും. കേന്ദ്ര സഹായത്തോടെ കേബിള്‍ സ്ഥാപിക്കുന്നതിനു പകരം ബോര്‍ഡ് വന്‍തുക കടം എടുത്തു കേബിള്‍ സ്ഥാപിച്ചാല്‍ അധികച്ചെലവ് വൈദ്യുതി നിരക്കു വര്‍ധനയായി ഉപയോക്താക്കള്‍ തന്നെ നല്‍കേണ്ടി വരും. ഇനിയൊരാളും ഇത്തരമൊരു ദുരന്തത്തിനിരയാകരുതെന്നും അതിനാലാണു ഹര്‍ജി സ്വമേധയാ പരിഗണിക്കാന്‍ തീരുമാനിച്ചത്. കെഎസ്ഇബിക്കെതിരായ നിയമനടപടിയായി ഇതിനെ കാണേണ്ടെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button