KeralaLatest News

ശബരിമല ബില്‍; ഈ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യബില്‍, ഉടന്‍ ചര്‍ച്ചയ്‌ക്കെടുത്തേക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി : ശബരിമലയില്‍ ആചാരരീതികള്‍ സംരക്ഷിക്കണമെന്ന ബില്‍ ലോക്‌സഭയില്‍ വെള്ളിയാഴ്ച അവതരിപ്പിക്കും. ഈ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യബില്‍ ആണ് ഇത്. എന്‍.കെ. പ്രേമചന്ദ്രന്റെ ബില്‍, 21ന് പരിഗണിക്കുന്നവയില്‍ ഒന്നാമത്തേതായിട്ടാണ് ഉള്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ബില്ലല്ല, സ്വകാര്യ ബില്ലാണ് എന്നതിനാല്‍ ഉടനെ ചര്‍ച്ചയ്ക്ക് പരിഗണിക്കപ്പെടുക എളുപ്പമല്ല. 21ന് അവതരിപ്പിക്കുന്ന ബില്ലുകള്‍ അടുത്ത മാസം 12നാണ് ചര്‍ച്ചയ്‌ക്കെടുക്കുക. ഏതു ബില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്നു നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ഈ മാസം 25നാണ് നറുക്കെടുപ്പ്.

കോടതിയുടെ ഏതു വിധിയുണ്ടെങ്കിലും ശബരിമല ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ 2018 സെപ്റ്റംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്ന മതപരമായ രീതികള്‍ തുടരണമെന്നും, നിയമം പ്രാബല്യത്തില്‍ വന്നാല്‍, കോടതിയിലും ട്രൈബ്യൂണലിലും മറ്റും ഹര്‍ജികളും അപ്പീലുകളും മറ്റു നടപടികളും നിലനില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ആണ് പ്രധാനമായും ബില്ലിലുള്ളത്.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്.

ശബരിമലയിലെ ആചാരരീതികള്‍ക്ക് പരിവര്‍ത്തനം ആവശ്യമെങ്കില്‍ അത് 2018 സെപ്റ്റംബര്‍ ഒന്നിനു നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമാവണമെന്നും മതപരമായ രീതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button