KeralaLatest News

മലപ്പുറം വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം; ആവശ്യമുന്നയിച്ച് ഖാദര്‍ എംഎല്‍എ നോട്ടീസ് നൽകി, ശേഷം പിന്മാറി

മലപ്പുറം: വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴേതട്ടിലെത്തണമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നൽകിയ മുസ്ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ ആവശ്യത്തിൽ നിന്ന് പിന്മാറി.

ജില്ല മാത്രമല്ല, കൂടുതല്‍ പഞ്ചായത്തുകളും, വില്ലേജുകളും, ബ്ലോക്ക് പഞ്ചായത്തുകളും മലപ്പുറത്ത് രൂപീകരിക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നുണ്ട്. മുസ്ലിം ലീഗ് എംഎല്‍എ നോട്ടീസ് നൽകിയെങ്കിലും സഭയില്‍ ശ്രദ്ധക്ഷണിക്കലിനായി സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ ഖാദര്‍ സഭയിലുണ്ടായിരുന്നില്ല. ജില്ലാ വിഭജനകാര്യത്തില്‍ യുഡിഎഫ് നയപരമായ തീരുമാനം എടുത്ത ശേഷം തുടര്‍നടപടികള്‍ മതി എന്ന് മുസ്ലിം ലീഗ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഖാദര്‍ പിന്‍മാറിയത് എന്നാണ് സംസാരം.

മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണം. പ്രവാസികള്‍ ഉള്‍പ്പെടെ അര കോടിയോളം ജനസംഖ്യയുള്ള ജില്ല വിഭജിച്ചാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യൂ എന്നാണ് മലപ്പുറത്തെ എല്ലാ നേതാക്കളുടെയും അഭിപ്രായം. മുസ്ലിം ലീഗ് ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ട്. എസ്ഡിപിഐ വിഷയം മുഖ്യ പ്രചാരണമാക്കുകയും ജില്ലാ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു. ഈ സംഘടനയടക്കം ചിലർ മുതലെടുക്കുന്നത് മനസിലാക്കിയാണ് ലീഗിലെ ഒരുവിഭാഗം വിഷയം ഏറ്റെടുക്കാന്‍ നിശ്ചയിച്ചതെന്ന് വ്യക്തം.

ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും തിരൂര്‍ കേന്ദ്രമായി മറ്റൊരു ജില്ല വേണമെന്നാണ് ആവശ്യം. ജില്ല നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ക്ക് ഇതു മാത്രമാണ് പരിഹാരം എന്നും വാദിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് കെഎന്‍എ ഖാദര്‍ നോട്ടീസ് നല്‍കിയത്. മലപ്പുറം ജില്ല രൂപീകരിച്ച് 50 വര്‍ഷം കഴിഞ്ഞിട്ടും അവികസിത പ്രദേശമായി തുടരുന്നുവെങ്കില്‍ പിന്നെ എന്തിന് വീണ്ടും ജില്ല. അവിടെയാണ് ഖാദറിന്റെ ഒളിച്ചോട്ടം ചോദ്യചിഹ്‌നമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button