KeralaLatest NewsIndia

‘ഗ്രാന്റ് ഫാദേഴ്‌സ് ഡേ ആശംസകള്‍’ ട്രോളുമായി സോഷ്യല്‍ മീഡിയ : കോടിയേരിയുടെ ‘മക്കള്‍മാഹാത്മ്യം’ സി.പി.എമ്മിന്‌ തലവേദന

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റിന് താഴെയും ട്രോളുകളുടെ ചാകര.അപ്പൂപ്പനായതില്‍ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയാണ് ട്രോളിക്കൊണ്ടുള്ള കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ‘ചുളുവില്‍ ഒരു അച്ചാച്ചന്‍ ആയില്ലേ ചെലവ് ചെയ്യണം’, ‘വീണ്ടും അപ്പൂപ്പന്‍ ആയ സഖാവിന് വിപ്ലവ അഭിവാദ്യങ്ങള്‍’, ‘ഹിന്ദി പഠിക്കൂ സഖാവേ. കൊച്ചുമോനെ കാണെണ്ടേ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കോടിയേരിയുടെ മകന്‍ ബിനോയിക്കെതിരേ ഉയര്‍ന്ന പീഡനാരോപണം സി.പി.എമ്മിനെ പിടിച്ചുകുലുക്കുകയാണ്‌. നേരത്തേ ദുബായ്‌ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പ്‌ പരാതിയില്‍ പാര്‍ട്ടിയെ വെള്ളംകുടിപ്പിച്ച ബിനോയി ഇത്തവണ കോടിയേരിയുടെ കസേര തെറിപ്പിക്കുമെന്ന ആശങ്കയിലാണു സി.പി.എമ്മിന്റെ അണികള്‍. ദുബായില്‍ സാമ്ബത്തിക തട്ടിപ്പ്‌ നടത്തിയെന്ന ആരോപണമാണ്‌ കോടിയേരിയുടെ മൂത്ത മകന്‍ ബിനോയിയെ വിവാദനായകനാക്കിയത്‌.

ദുബായിലെ ജാസ്‌ ടൂറിസം കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സുഖിയാണ്‌ ബിനോയിക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്‌. കോടികളുടെ തട്ടിപ്പ്‌ നടത്തി ബിനോയ്‌ മുങ്ങിയെന്നായിരുന്നു ആരോപണം. പണം തിരികെക്കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സുഖി സി.പി.എം. പോളിറ്റ്‌ ബ്യൂറോയെ സമീപിച്ചു. ഇതോടെയാണ്‌ വാര്‍ത്ത പുറത്തായത്‌. ബിനോയിയെ പിടികൂടാന്‍ മര്‍സുഖി ഇന്റര്‍പോളിന്റെ അടക്കം സഹായംതേടി. കോടിയേരിയെയും പാര്‍ട്ടിയെയും ഇടതുമുന്നണി സര്‍ക്കാരിനെയും ഒരുപോലെ കരിനിഴലിലാക്കിയ പ്രശ്‌നത്തില്‍നിന്ന്‌ ബിനോയിയെ രക്ഷപ്പെടുത്തിയത്‌ മലയാളികളായ രണ്ടു വ്യവസായപ്രമുഖരുടെ ഇടപെടലാണെന്നു സംസാരമുണ്ടായിരുന്നു.

അതു കെട്ടടങ്ങിയതിനു പിന്നാലെയാണ്‌ ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയെന്ന പരാതി ഉയരുന്നത്‌. എട്ടു വയസുള്ള കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനയ്‌ക്കടക്കം തയാറാണെന്നാണു യുവതിയുടെ നിലപാട്‌. പ്രായപൂര്‍ത്തിയായ ഒരാളുടെ വ്യക്‌തിപരമായ വിഷയമെന്ന തൊടുന്യായം ഫലിക്കുമോ എന്നു കണ്ടറിയണം.മക്കളുടെ പേരില്‍ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതിക്കൂട്ടിലാകുന്നത്‌ ആദ്യമല്ല. ആണ്‍മക്കളില്‍ ഇളയവനായ ബിനീഷായിരുന്നു വിവാദങ്ങളില്‍ മുമ്പന്‍. നേതൃനിരയിലില്ലെങ്കിലും അധികാരത്തിന്റെ അകത്തളങ്ങളില്‍ ബിനീഷിന്റെ പേര്‌ പലതവണ പരാമര്‍ശിക്കപ്പെട്ടു.

ഗള്‍ഫ്‌ കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ സൃഷ്‌ടിച്ചു. സര്‍ക്കാരിന്റെ പിന്തുണ വാഗ്‌ദാനം ചെയ്‌ത്‌ പല സിനിമകളുടെ നിര്‍മാണത്തിലും ബിനീഷ്‌ സാന്നിധ്യമുറപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഏതാനും സിനിമകളില്‍ മുഖംകാണിച്ചതിന്റെ പേരില്‍ താരങ്ങളുടെ ക്രിക്കറ്റ്‌ ടീമിന്റെ ലേബലിലും നിറഞ്ഞുനിന്ന ബിനീഷിന്റെ സൗഹൃദം മുതലെടുത്തതില്‍ താരപ്രമുഖരുമുണ്ട്‌. ചില നടികളുടെ പേര്‌ ചേര്‍ത്തുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ മകന്റെ പേരിലുള്ള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാല്‍സംഗം), 420 (വഞ്ചന), 504( മനപ്പൂര്‍വം അപമാനിക്കല്‍) , 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായും, ഏറെ വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ പറഞ്ഞു. മറ്റൊരു സംസ്‌ഥാനത്താണു പോലീസ്‌ കേസെന്നതു സി.പി.എമ്മിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button