Latest NewsNews

രണ്ടില പിളര്‍പ്പിനെ അനുകൂലിയ്ക്കില്ല : കേരളകോണ്‍ഗ്രസിനോട് നിലപാട് കടുപ്പിച്ച് യുഡിഎഫ്

തിരുവനനന്തപുരം: ഒരു കാരണവശാലും രണ്ടില പിളര്‍പ്പിനെ അനുകൂലിയ്ക്കില്ലെന്ന് യു.ഡിഎഫ്. പിളര്‍പ്പിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി കേരള കോണ്‍ഗ്രസ് (എം) ഒരുമിച്ചു നീങ്ങണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് യുഡിഎഫ് അറിയിച്ചു. പിജെ ജോസഫിനെ നേരില്‍ കണ്ടാണ് പിളര്‍പ്പ് ഒഴിവാക്കിയേ തീരൂവെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടത്. മറുവിഭാഗത്തെ നയിക്കുന്ന ജോസ് കെ മാണിയോടും മുന്നണി നേതൃത്വം സംസാരിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിക്കു ചേരാത്ത സമീപനമാണ് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും സ്വീകരിക്കുന്നതെന്ന വിമര്‍ശനത്തിലാണു യുഡിഎഫ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംകെ മുനീര്‍ എന്നിവരാണു ജോസഫുമായി സംസാരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ജനങ്ങള്‍ നല്‍കിയ പിന്തുണയെ മാനിക്കേണ്ടതുണ്ട്. കേരള കോണ്‍ഗ്രസിന്റ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന സമീപനമാണ് ഇതുവരെ എടുത്തത്. പ്രശ്‌നം എങ്ങനെ തീര്‍ക്കണമെന്നു നിര്‍ദേശിക്കുന്നില്ല. എന്നാല്‍ വിട്ടുവീഴ്ചകളിലൂടെ യോജിച്ചു പോയേ പറ്റൂ. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ജോസഫ് അതിനു മുന്‍കൈയെടുക്കണം. പാലായിലടക്കം ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി രണ്ടായി പിളരുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്നു മൂന്ന് നേതാക്കളും വ്യക്തമാക്കി.

മറുവിഭാഗത്തെക്കുറിച്ചുള്ള പരാതികളാണു ചര്‍ച്ചയില്‍ ജോസഫ് പ്രധാനമായും ഉന്നയിച്ചത്. ചെയര്‍മാനായ കെഎം മാണിക്കു തുല്യമായ അധികാരം വര്‍ക്കിങ് ചെയര്‍മാനായ തനിക്കുണ്ടെങ്കിലും അതംഗീകരിക്കാന്‍ മറുവിഭാഗം ഒരിക്കലും തയാറായിട്ടില്ല. ആ വിഭാഗത്തില്‍ നിന്നു പലരും തനിക്കൊപ്പം ചേരുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചു പാര്‍ട്ടിയെ പിളര്‍ത്തിയതു ജോസ് കെ മാണിയാണ്. അദ്ദേഹത്തെ ചെയര്‍മാനാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button