KeralaLatest NewsIndia

തൃശൂരില്‍ യതീഷ്‌ചന്ദ്രയുടെ നേതൃത്വത്തിൽ കള്ളനോട്ട്‌ വേട്ട: സഹോദരങ്ങള്‍ അറസ്‌റ്റില്‍

അറസ്‌റ്റിലായ കള്ളനോട്ട്‌ സംഘത്തില്‍നിന്ന്‌ 1,21,050 രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട്‌ നിര്‍മിക്കാന്‍ ഉപയോഗിച്ച വിദേശനിര്‍മിത പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു.

തൃശൂര്‍: സംസ്‌ഥാനത്തെ വിവിധ സ്‌ഥലങ്ങളില്‍ കള്ളനോട്ടു വിതരണം ചെയ്യുന്ന സംഘത്തെ തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ജി.എച്ച്‌. യതീഷ്‌ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ക്രൈം ഇന്‍വെസ്‌റ്റിഗേഷന്‍ സംഘവും തൃശൂര്‍ ഈസ്‌റ്റ് പോലീസും ചേര്‍ന്ന്‌ പിടികൂടി. ആലപ്പുഴ വടുതല സ്വദേശികളും സഹോദരങ്ങളുമായ പള്ളിപ്പറമ്പിൽ വീട്ടില്‍ ബെന്നി ബര്‍ണാഡ്‌ (39), ജോണ്‍സണ്‍ ബര്‍ണാഡ്‌ (31) എന്നിവരാണ്‌ അന്വേഷണസംഘത്തിന്റെ പിടിയിലായത്‌. അറസ്‌റ്റിലായ കള്ളനോട്ട്‌ സംഘത്തില്‍നിന്ന്‌ 1,21,050 രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട്‌ നിര്‍മിക്കാന്‍ ഉപയോഗിച്ച വിദേശനിര്‍മിത പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു.

തൃശൂരിലെ വിവിധ സ്‌ഥലങ്ങളിലെ കടകളിലും വ്യാപാരസ്‌ഥാപനങ്ങളിലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ കൊടുത്ത്‌ സാധനങ്ങള്‍ വാങ്ങിയ ചില സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ ജി.എച്ച്‌. യതീഷ്‌ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ക്രൈം ഇന്‍വെസ്‌റ്റിഗേഷന്‍ സംഘം രഹസ്യമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ്‌ അന്തര്‍ജില്ല കള്ളനോട്ട്‌ സംഘം പോലീസിന്റെ പിടിയിലാകുന്നത്‌.

തൃശൂരില്‍ കള്ളനോട്ട്‌ വിതരണം ചെയ്യുന്നതിനായി ഒരാള്‍ ശക്‌തന്‍ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ പരിശോധനയില്‍ കൊലപാതക കേസിലെ പ്രതിയായ ബെന്നി ബര്‍ണാഡ്‌ ഒമ്പത്‌ രണ്ടായിരം രൂപയുടെ മൊത്തം 18,000 രൂപയുടെ കള്ളനോട്ടുമായി പിടിയിലാകുകയായിരുന്നു. അറസ്‌റ്റിലായ പ്രതിയെ ചോദ്യം ചെയ്‌തതില്‍ ബെന്നി ബര്‍ണാഡ്‌ സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിലെ ആവശ്യക്കാര്‍ക്ക്‌ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന ആളാണെന്നും കള്ളനോട്ട്‌ നിര്‍മാണം നടത്തുന്നത്‌ സ്വന്തം സഹോദരനായ ജോണ്‍സണ്‍ ബര്‍ണാഡ്‌ ആണെന്നും മനസിലാകുകയായിരുന്നു.

പിന്നീട്‌ അനിയനായ ജോണ്‍സണ്‍ ബര്‍ണാഡിനെ പിടികൂടി ചോദ്യം ചെയ്യുകയും പ്രതികളായ സഹോദരങ്ങള്‍ താമസിക്കുന്ന ആലപ്പുഴ വടുതലയിലുള്ള വീടുകളില്‍ പ്രത്യേക അന്വേഷണസംഘം റെയ്‌ഡ് നടത്തുകയും ചെയ്‌തു. റെയ്‌ഡ് നടത്തിയ വീടുകളില്‍നിന്നും നിര്‍മിച്ച്‌ വിതരണംചെയ്യാന്‍ തയാറാക്കി വച്ചിരുന്ന നാല്‍പ്പത്തിയഞ്ച്‌ രണ്ടായിരം രൂപയുടെ നോട്ടുകളും ഇരുപത്തിയാറ്‌ അഞ്ഞൂറ്‌ രൂപയുടെ നോട്ടുകളും ഒരു അമ്പതുരൂപയുടെ നോട്ടും മൊത്തം 1,03,050 രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വിദേശനിര്‍മിത പ്രിന്ററും അനുബന്ധ ഉപകരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തു.

ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലായി ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകളാണ്‌ ഇവര്‍ വിതരണം ചെയ്‌തിരിക്കുന്നത്‌. ഒരു ലക്ഷം രൂപയുടെ നല്ല നോട്ടുകള്‍ കൊടുത്താല്‍ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകളാണ്‌ ഇവര്‍ നല്‍കിയിരുന്നത്‌. ഇവര്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്‌ത ആളുകളെപ്പറ്റി അന്വേഷണം നടത്തിവരികയാണ്‌. അറസ്‌റ്റ് ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്‌റ്റഡിയില്‍ വാങ്ങിയതിനുശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

അറസ്‌റ്റിലായ ബെന്നി ബര്‍ണാഡ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന കൊലപാതക കേസിലെ പ്രതിയാണ്‌. 2005 ല്‍ പാലക്കാട്‌ ആലത്തൂരില്‍ തിലകന്‍ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ അറസ്‌റ്റിലായ ബെന്നി ബര്‍ണാഡ്‌. രണ്ട്‌ വന്‍കിട ലോട്ടറി കച്ചവടക്കാര്‍ തമ്മിലുള്ള ശത്രുതയില്‍ കൊലപാതകത്തിനായി ക്വട്ടേഷന്‍ നല്‍കിയതനുസരിച്ച്‌, ക്വട്ടേഷന്‍ സംഘാംഗമായ ബെന്നി ബര്‍ണാഡും സംഘവും തിലകന്‍ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കേസില്‍ അറസ്‌റ്റിലായി ജയിലില്‍ നിന്നിറങ്ങിയതിനുശേഷം കെട്ടിട പണികള്‍ക്ക്‌ പോയിരുന്നുവെങ്കിലും പിന്നീട്‌ അനിയനുമായി ചേര്‍ന്ന്‌ കള്ളനോട്ടിന്റെ നിര്‍മാണത്തിലേക്കും വിതരണത്തിലേക്കും തിരിയുകയായിരുന്നു. അറസ്‌റ്റിലായ അനിയന്‍ ജോണ്‍സണ്‍ വീടിന്റെ അടുത്ത്‌ ഓട്ടോറിക്ഷ ഡ്രൈവറാണ്‌. സ്‌കൂള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുചെന്നാക്കി തിരികെ കൊണ്ടുവരുന്ന ജോലിയാണ്‌.

വീടിന്റെ അടുത്ത്‌ നല്ല സ്വഭാവത്തില്‍ കഴിയുന്ന ഇയാള്‍ കേസുകളിലൊന്നും പ്രതിയല്ല. മുന്‍ കള്ളനോട്ട്‌ കേസുകളില്‍ പ്രതികളായ സുഹൃത്തുക്കളില്‍നിന്നു കള്ളനോട്ട്‌ നിര്‍മാണത്തിന്റെ സാങ്കേതികവശങ്ങള്‍ മനസിലാക്കി, വിദേശനിര്‍മിത പ്രിന്റര്‍ വാങ്ങി കള്ളനോട്ട്‌ നിര്‍മാണം ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button