Latest NewsIndia

രണ്ടാം മോദിസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം വിയോജിച്ചാല്‍ ബില്ല് പാസാക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.

കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാനായില്ല. 17മത് ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് കൂടിയാണ് മുത്തലാഖ് ബില്‍. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താല്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് ദുഷ്‌കരമാകും.

ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകളും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യബില്ലായി യുവതി പ്രവേശനം സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17മത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button