KeralaLatest News

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സാജന്റെ ഭാര്യയ്ക്ക് പരാതിയുണ്ടെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആന്തൂര്‍ നഗരസഭയിലെ സെക്രട്ടറി ഗിരീഷ്, അസി. എഞ്ചിനിയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. നഗരസഭ അധ്യക്ഷ ശ്യമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് ഇപ്പോള്‍ സാജന്റെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം വ്യവസായിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിന് എതിരെ ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ മറുപടിയും അടക്കം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. അടുത്ത മാസം 15നകം കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യവസായിയായ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. സാജന്റ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. 20 വര്‍ഷത്തോളമായി നൈജീരിയയില്‍ ബിസിനസ് ചെയ്തിരുന്ന സാജന്‍ പതിനഞ്ച് കോടി രൂപ ചെലവഴിച്ചാണ് ആന്തൂരില്‍ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചത്. പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button