KeralaLatest News

‘ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ല’; ആന്തൂര്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സാജന്റെ ഭാര്യ

പ്രശ്‌നത്തില്‍ പി.ജയരാജന്‍ ഇടപെട്ടതില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് കടുത്ത പകയുണ്ടായിരുന്നു.'ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെ'ന്ന് ശ്യാമള സാജനോട് പറഞ്ഞതായും ബീന വെളിപ്പെടുത്തി.

കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ബീനയാണ് പി കെ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രശ്‌നത്തില്‍ പി.ജയരാജന്‍ ഇടപെട്ടതില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് കടുത്ത പകയുണ്ടായിരുന്നു. ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞു പോലും അപമാനിച്ച് സംസാരിച്ചു. ‘ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെ’ന്ന് ശ്യാമള സാജനോട് പറഞ്ഞതായും ബീന വെളിപ്പെടുത്തി.

‘പല തവണ പെര്‍മിറ്റ് കിട്ടാതായപ്പോള്‍ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. പക്ഷെ, ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വേണ്ടെന്ന് വച്ചു. ഇനിയും ജയരാജനെ കണ്ടാല്‍ അവര്‍ക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ദ്രോഹിക്കുമെന്ന് സാജേട്ടന്‍ പറഞ്ഞു’, ബീന പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തന്റെ അച്ഛന്‍ പോയപ്പോള്‍ അദ്ദേഹത്തെയും ശ്യാമള അപമാനിച്ചതായി ബീന പറയുന്നു.

‘പെര്‍മിറ്റ് തരാതായപ്പോള്‍ എന്റെ അച്ഛന്‍ പോയി ഇവരെ കണ്ടു. വയസ്സായ എന്റെ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. നിങ്ങളോടാരാ ഇങ്ങോട്ട് വരാന്‍ പറഞ്ഞത്. ഇതൊക്കെ നിങ്ങളാരാ ചോദിക്കാന്‍ എന്നാണ് ചോദിച്ചത്’

അതേസമയം, സമവായം തേടി സിപിഎം നേതൃത്വം സാജന്റെ ഭാര്യ ബീനയെയും കുടുംബാംഗങ്ങളെയും കണ്ടിരുന്നു. ശ്യാമളക്കെതിരായ ആരോപണങ്ങളെല്ലാം ഇവര്‍ പാര്‍ട്ടി നേതൃത്വത്തോട് വെളിപ്പെടുത്തിയിരുന്നു. ശ്യാമളക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് നേതാക്കള്‍ മടങ്ങിയത്.

പ്രശ്‌നത്തില്‍ തലശ്ശേരി ധര്‍മശാലയില്‍ ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം നടത്താനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി സാജന്റെ ഭാര്യ വീണ്ടും രംഗത്തെത്തിയത്. പി കെ ശ്യാമളക്കെതിരെ പാര്‍ട്ടി നടപടിയടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. പി ജയരാജനടക്കം പങ്കെടുക്കുന്ന യോഗത്തില്‍ സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button