KeralaLatest News

‘ എനിക്കിനി ആ സമ്മാനങ്ങള്‍ വേണ്ട, പകരം പുസ്തകങ്ങള്‍ മതി’; വേറിട്ട കുറിപ്പുമായി ടി.എന്‍ പ്രതാപന്‍ എം.പി

തൃശ്ശൂര്‍: പൊതുപരിപാടികള്‍ നടത്തുമ്പോള്‍ അതിഥികള്‍ക്ക് പൂമാലയും പൊന്നാടയും മൊമെന്റോകളും ഒക്കെ സമ്മാനിച്ചാണ് നാം അവരെ സ്വീകരിക്കാറ്. ഇതിന് നിമിഷ നേരത്തിന്റെ ആയുസ്സേ ഉള്ളൂവെങ്കിലും അതിഥികള്‍ക്ക് ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത് ഇന്നും ഒരു ചടങ്ങായി തുടരുകയാണ്.

എന്നാല്‍ ഇത്തരം ആചാരങ്ങളില്‍ നിന്നൊക്കെ അകന്ന് പുതിയൊരു മാറ്റത്തിന് വഴിതെളിക്കുകയാണ് തൃശ്ശൂര്‍ എംപിയായ ടിഎന്‍ പ്രതാപന്‍. ഇനി മുതല്‍ തനിക്ക് പൊന്നാടയും പൂമാലയും മൊമെന്റോകളും നല്‍കേണ്ടെന്നും ഇവയ്ക്ക് പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇങ്ങിനെ ലഭിക്കുന്ന പുസ്തകങ്ങള്‍ കൊണ്ട് സ്വന്തം നാട്ടിലെ പ്രിയദര്‍ശിനി വായനശാലയ്ക്ക് നല്‍കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഞാന്‍ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളില്‍ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകള്‍ക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ഏതുകാലത്തും ശാശ്വതമായി നിലനില്‍ക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.

ഈ അഞ്ചു വര്‍ഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദര്‍ശിനി സ്മാരക സമിതിക്ക് കീഴില്‍ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തില്‍ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്‌കാരം നമുക്ക് വളര്‍ത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button