
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ലൈറ്റ് മെട്രോയുടെ ഭാഗമായ പന്നിയങ്കര മേല്‍പ്പാലത്തെ നേട്ടമായി ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. മേല്‍പ്പാല നിര്‍മാണം പിണറായി വിജയന് സര്‍ക്കാരിന്റെ മാത്രം പദ്ധതിയല്ലെന്നാണ് യു.ഡി.എഫ് വാദം. ഒപ്പം ലൈറ്റ് മെട്രോ പദ്ധതി തന്നെ പ്രതിസന്ധിയാലാണെന്നത് മറച്ച് വെച്ചാണ് പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
രണ്ട് കാര്യങ്ങളാണ് പന്നിയങ്കര മേല്‍പ്പാലം പ്രോഗസ് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചതുമായി ഉയരുന്നത്. ലൈറ്റ് മെട്രോ എവിടെ എന്നതാണ് ഉയരുന്ന ആദ്യ ചോദ്യം. ലൈറ്റ് മെട്രോ പദ്ദതിക്കായെത്തിയ ഡെല്‍ഹി മെട്രോ കോര്പ്പറേഷന് പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഓഫീസ് പൂട്ടിപ്പോയി.
നേരത്തെ സമര്‍പ്പിച്ച ഡീറ്റെയ്ല്ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയപ്രകാരം മാറ്റേണ്ടി വന്നു. തുടര്‍ന്ന് 2700 കോടി രൂപയുടെ ഡി.പി.ആര് സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇത് പരിശോധിക്കാന്‍ നിയോഗിച്ച സെക്രട്ടറി തല കമ്മറ്റി കഴിഞ്ഞ വര്‍ഷം അവസാനം സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറി. പക്ഷേ തുടര്‍ നടപടി ഉണ്ടായിട്ടില്ല. മറ്റൊന്ന് പാലത്തിന്റെ ക്രഡിറ്റെങ്ങനെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രോഗ്രസാകുമെന്നതാണ്.
50.16 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കൂടാതെ സ്ഥലമേറ്റെടുക്കാന്‍ 26 കോടി രൂപയും ചെലവായി. കല്ലായി റോഡില്‍ 500 മീറ്ററും റെയില്‍പ്പാതക്ക് കുറുകെ പയ്യാനക്കല്‍ ഭാഗത്ത് 300 മീറ്ററിലുമാണ് പന്നിയങ്കര മേല്‍പ്പാലം നിര്‍മിച്ചത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ടി’ ആകൃതിയിലാണ് പാലം.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടന്നത്. മോണോ റെയില്‍ പദ്ധതിയുടെ ഭാഗമെന്ന നിലയിലായിരുന്നു പദ്ധതി അവര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയും പകരം ലൈറ്റ് മെട്രോ പദ്ധതി നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പാലത്തിന്റെ നിര്‍മാണവുമായി മുന്നോട്ടു പോവുകയായിരുന്നു.
1991 മുതല്‍ കോഴിക്കോട് കോര്‍പറേഷനും പന്നിയങ്കര വികസനസമിതിയും രാഷ്ട്രീയ കക്ഷികളും ഈ ആവശ്യവുമായി റെയില്‍വേയെ സമീപിച്ചിരുന്നു. റെയിലിന് പടിഞ്ഞാറുള്ള ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാനുള്ള ശാശ്വതപരിഹാരമാണ് ഈ മേല്‍പ്പാലം. തുടക്കത്തില്‍ മരാമത്തുവകുപ്പ് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എല്‍’ ആകൃതിയിലാണ് മേല്‍പ്പാലം രൂപകല്പന ചെയ്തത്. പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു.
Post Your Comments