Latest NewsIndia

പിഴ ഈടാക്കുന്നത് കുത്തനെ ഉയരും; റോഡ് നിയമം ലംഘിച്ചാല്‍ ഇനി കര്‍ശന നടപടി

ന്യൂഡല്‍ഹി : ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ലോക്‌സഭ ഇതു പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുന്‍പേ ലാപ്‌സായി. റജിസ്‌ട്രേഷനും ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനും ബില്‍ നിര്‍ദേശിക്കുന്നു.

രാജ്യത്തൊട്ടാകെ ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാര്‍ഡുകളോ സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ളതോ ആയ ലൈസന്‍സാകും ഇനി നല്‍കുക. കാര്‍ഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും. ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പില്‍ രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ സംബന്ധിച്ച വിവരവും ലഭ്യമാകും. 15 കോടി ലൈസന്‍സുകളുടെ വിവരം ഇപ്പോഴുണ്ട്. ഓരോ ലൈസന്‍സിലും നിയമ നടപടികള്‍ ഉണ്ടോയെന്നും ഇതിലൂടെ അറിയാമെന്നു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button