Latest NewsIndia

‘അഹങ്കാരത്തിന് പരിധിയുണ്ട്, കോൺഗ്രസ് തോറ്റാൽ എങ്ങനെയാണ് രാജ്യം തോൽക്കുക? 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും ജയിച്ചില്ല’- രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ ? എന്താണ് അമേഠിയില്‍ സംഭവിച്ചത്.

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കുണ്ടായ അത്യുജ്വല വിജയം കാണാനോ സ്വന്തം തോല്‍വി അംഗീകരിക്കാനോ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള ജനങ്ങളുടെ വിധിയാണ്. പല സംസ്ഥാനങ്ങളിലെന്നപോലെ സുസ്ഥിരമായ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന പ്രവണതയാണുള്ളത്. ഏറെക്കാലത്തിനു ശേഷമാണ് വന്‍ഭൂരിപക്ഷത്തില്‍ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.ബിജെപിയും ,സഖ്യ കക്ഷികളും ജയിച്ചപ്പോൾ രാജ്യം തോറ്റെന്നായിരുന്നു ചില നേതാക്കളുടെ പ്രസ്താവന . ഇത്തരം പ്രസ്താവനകള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. എന്ത് കൊണ്ടാണ് ഇവര്‍ വോട്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ ? എന്താണ് അമേഠിയില്‍ സംഭവിച്ചത്. ഏത് തരത്തിലുള്ള വാദങ്ങളാണ് ഇവര്‍ പറയുന്നത്.കോൺഗ്രസ് തോറ്റാൽ എങ്ങനെയാണ് ഇന്ത്യ തോൽക്കുന്നത് .

അഹങ്കാരത്തിനു ഒരു പരിധിയുണ്ട് . 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ കളിയാക്കിയിരുന്നു. പക്ഷേ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ വിശ്വാസം നേടുകയാണ് ഉണ്ടായത്. അല്ലാതെ ഒഴിവ് കഴിവ് പറഞ്ഞിരിക്കുകയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . മാദ്ധ്യമങ്ങളെ വിലക്കെടുത്താണ് ബിജെപി ജയിച്ചതെന്നും പറയുന്നു.

അങ്ങനെയാണെങ്കില്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഇങ്ങനെ നടന്നെന്ന് ഇവര്‍ പറയുമോ. കോണ്‍ഗ്രസിലെ എന്റെ സുഹൃത്തുകള്‍ ഇപ്പോഴും തോല്‍വി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ജനാധിപത്യത്തില്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ല .2000 രൂപയുടെ പദ്ധതിക്ക് വേണ്ടി കര്‍ഷകര്‍ അവരെതന്നെ വിറ്റുവെന്ന് പറയുന്നത് കര്‍ഷകരെ അപമാനിക്കുന്നതാണ്. മാധ്യമങ്ങളെ വരെ ദുരുപയോഗിക്കുന്നതില്‍ താന്‍ ഞെട്ടലിലാണ്. മാധ്യമങ്ങള്‍ കാരണമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയിച്ചതെന്ന് അവര്‍ പറയുന്നു. എന്താണ് ജനങ്ങളെ കുറിച്ച്‌ ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ നവീകരിച്ചതില്‍ നാം അഭിനന്ദിക്കണം.

1950കളില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാന്‍ ഏറെ സമയമെടുത്തു. അക്രമവും ബൂത്ത് പിടുത്തവും പലയിടങ്ങളിലും സാധാരണമായിരുന്നു. ഇന്നതല്ല സ്ഥിതി.വോട്ടിംഗ് മെഷീന്‍ വന്നശേഷം നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നു. എന്നാല്‍ ഇന്ന് വോട്ടിംഗ് മെഷീനെ ചിലര്‍ ചോദ്യം ചെയ്യുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കക്ഷികളെ വിളിച്ചിരുന്നു. എന്നാല്‍ സി.പി.ഐയും എന്‍.സി.പിയും മാത്രമാണ് അത് അംഗീകരിച്ചത്. അതില്‍ അവരെ താന്‍ അഭിനന്ദിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വോട്ടിംഗ് മെഷീനെ ചോദ്യംചെയ്യുകയാണ് മറ്റ് പാര്‍ട്ടികള്‍. കോണ്‍ഗ്രസിലെ തന്റെ സുഹൃത്തുക്കള്‍ക്ക് പോലും വിജയം ദഹിക്കുന്നില്ല.

പരാജയം അംഗീകരിക്കാനും അവര്‍ക്ക് കഴിയുന്നില്ല. ഇത് ജനാധിപത്യത്തില്‍ നല്ല സൂചനയല്ല. ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്നത്.ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വന്നപ്പോഴും ഇതേ സാഹചര്യമാണ്. ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ കാഴ്ചപ്പാടോ ആശയങ്ങളൊ ഇല്ല. എന്നാല്‍ അവരുടെ ആശയങ്കളും ചര്‍ച്ചയില്‍ അനിവാര്യമാണ്. ഇന്ന് ജനങ്ങള്‍ വലിയ ബോധവാന്മാരാണ്. പാര്‍ലമെന്റില്‍ നടക്കുന്നത് എന്താണെന്ന് അവര്‍ വീക്ഷിക്കുന്നു. അത് അവര്‍ മനസ്സില്‍ സൂക്ഷിക്കും. പഴയ ഇന്ത്യ തിരിച്ചുകൊണ്ടുവരണമെന്നാണ് ചിലര്‍ പറയുന്നത്.

പഴയ ഇന്ത്യയില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പത്രക്കുറിപ്പില്‍ അറിയാം, പഴയ ഇന്ത്യയില്‍ നേവിയെ വ്യക്തിഗത യാത്രകള്‍ക്ക് ഉപയോഗിക്കാം, നിരവധി തട്ടിപ്പുകള്‍ നടന്നിരുന്നു.-മോദി പറഞ്ഞു. ‘സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ വയ്ക്കാന്‍ കഴിയും, പ്രതിപക്ഷത്തിന് അവയെ എതിര്‍ക്കാര്‍ കഴിയും, എന്നാല്‍ ആര്‍ക്കും അവയെ തടസ്സപ്പെടുത്താനാവില്ല’ എന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയും മോദി ഓര്‍മ്മിപ്പിച്ചു.എല്ലാത്തിന്റേയും ക്രെഡിറ്റ് നിങ്ങളെടുക്കുന്നു. എന്നാല്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ക്രെഡിറ്റ് നിങ്ങള്‍ക്ക് വേണ്ടെ?

അസ്സമിന്റെ കാര്യത്തില്‍ പൗരത്വ രജിസ്‌ട്രേഷന്‍ രാജീവ് ഗാന്ധി അംഗീകരിച്ചതാണ്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഇത് തങ്ങള്‍ നടപ്പാക്കുന്നത്. എന്തുകൊണ്ട് അതിന്റെ ക്രെഡിറ്റ് നിങ്ങള്‍ എടുക്കുന്നില്ല? കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി ചോദിച്ചു. ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണത്തിലും പ്രധാനമന്ത്രി അപലപിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തന്നെ വേദനിപ്പിക്കുന്നു. അത് മറ്റുള്ളവരെയും വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലയുടെ കേന്ദ്രമാണെന്ന ചിലരുടെ വാദം അംഗീകരിക്കാനാവില്ല. എന്തിനാണ് ഒരു സംസ്ഥാനത്തെ മുഴുവനായും അപമാനിക്കുന്നത്. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button