Latest NewsIndiaInternational

അധിക ഇറക്കുമതി തീരുവ ; ജി 20 ഉച്ചകോടിക്ക് മുമ്പ് ഇന്ത്യക്ക് താക്കീതുമായി ട്രംപിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി/ഒസാക്ക : യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പിന്‍വലിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വര്‍ധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീര്‍ച്ചയായും പിന്‍വലിച്ചിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈകാര്യം ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്’ ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ജപ്പാനിലെ ഒസാക്കയില്‍ 28ന് ജി20 ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള നികുതിയുദ്ധം വീണ്ടും രൂക്ഷമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നാണ് ചര്‍ച്ചയ്ക്കു ശേഷം പോംപെയോ പറഞ്ഞത്. ഇന്ത്യയ്ക്കുള്ള പ്രത്യേക വ്യാപാര പദവി എടുത്തു കളഞ്ഞതു പുനഃസ്ഥാപിക്കുന്നതു പരിഗണിച്ചില്ലെങ്കിലും വ്യാപാര ബന്ധവും മനുഷ്യ വിഭവശേഷി കൈമാറ്റവും ചര്‍ച്ച ചെയ്തുവെന്നും പോംപെയോ പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ജൂണ്‍ 1 മുതല്‍ നികുതി ഉയര്‍ത്തിയ യുഎസ് നടപടിക്കു മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉല്‍പന്നങ്ങള്‍ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്താന്‍ ഈ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് ബദാം, ആപ്പിള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ജൂണിലെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button