KeralaLatest NewsInternational

ഈ കാട്ടുപഴത്തിന് പൊന്നും വില; സൂപ്പര്‍മാര്‍ക്കറ്റില്‍ താരമായി ഞൊട്ടാഞൊടിയന്‍

തിരുവനന്തപുരം: നമ്മുടെ നാട്ടിന്‍ പുറത്തെ പറമ്പുകളില്‍ സുലഭമായി ലഭിച്ചിരുന്ന ഒരു പഴമായിരുന്നു ഞൊട്ടാഞൊടിയന്‍. തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയനാണെങ്കില്‍ വടക്ക് ഇത് മൊട്ടാംബ്ലിയാണ്. പല വകഭേദങ്ങളില്‍, പല പേരുകളില്‍ അറിയപ്പെടുന്ന ഒരു കാട്ടുപഴം എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ താരമാണ്. പൊന്നുംവില നല്‍കാതെ ഈ പഴം ഇപ്പോള്‍ വാങ്ങാന്‍ സാധിക്കില്ല.

എന്നാല്‍ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചൊന്നും മലയാളികള്‍ക്കറിയില്ല. പക്ഷെ അത് വ്യക്തമായി മനസിലാക്കിയ ഇടങ്ങളില്‍ അതിന് ആവശ്യക്കാര്‍ ഏറെയാണെന്ന് മാത്രമല്ല, പൊന്നും വിലയും നല്‍കണം. സെന്‍ട്രല്‍ ജപ്പാന്റെ ഭാഗമായ നഗോയ എന്ന പട്ടണത്തിനടുത്ത് ഇച്ചിണോമിയ എന്ന സ്ഥലത്തെ മെയ്‌തേറ്റ്‌സു എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞൊട്ടാഞൊടിയന്‍ നന്നായി പൊതിഞ്ഞ് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ഇവിടെ താമസക്കാരനായ മിഥുന്‍ പെരിങ്ങേത്ത് എന്ന മലയാളി യുവാവ്, തന്റെ ഫെയ്‌സ്ബുക്കില്‍ ഏറെ അദ്ഭുതത്തോടെയാണ് ഇക്കാര്യം പങ്കുവച്ചതത്. ഇവിടെ പത്ത് എണ്ണത്തിന്റെ പാക്കറ്റിന് 299 യെന്‍ ആണ് വില. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 191 രൂപയോളം വരുമിത്. അതായത് 19.10 രൂപയാണ് ഒരു പഴത്തിന്റെ വില എന്നര്‍ത്ഥം.

തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയന്‍ എന്ന് വിളിക്കുന്ന കാട്ടുപഴത്തിന് കേരളത്തില്‍ പല പേരുകളുണ്ട്. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പലതാണവ. പഴത്തിന്റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷില്‍ ഗോള്‍ഡന്‍ബെറി എന്നാണ് പേര്. പറമ്പിലും വഴിയരികിലും തഴച്ച് വളര്‍ന്നിരുന്ന, തമാശയായി മാത്രം മലയാളി കരുതിയിരുന്ന ഈ പഴത്തിന്റെ ഔഷധ ഗുണങ്ങള്‍ എന്താണെന്ന് പോലും ഭൂരിഭാഗം മലയാളികള്‍ക്കും അറിയില്ല.ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നുമുണ്ട്. ആയുര്‍വ്വേദത്തില്‍ ഇതിന് ഏറെ ഉപയോഗമുണ്ട്. കര്‍ക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികളിലെ ത്വഗ്രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിത്. മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്റെ പച്ച കായയ്ക്ക് ചവര്‍പ്പാണ്. പഴുത്താല്‍ പുളി കലര്‍ന്ന മധുരമാണ് രുചി.

shortlink

Related Articles

Post Your Comments

Related Articles


Back to top button