Latest NewsInternational

കുറ്റവാളി കൈമാറ്റ ബില്‍; ഹോങ്കോങ്ങില്‍ പ്രതിഷേധം ശക്തം, പാര്‍ലമെന്റില്‍ സമരക്കാരുടെ കയ്യേറ്റം

ഹോങ്കോങ് : കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ചൈന വിരുദ്ധ പ്രക്ഷോഭം വീണ്ടും ഹോങ്കോങ്ങില്‍ ശക്തിപ്പെടുന്നു. നഗരത്തെ 1997 ല്‍ ചൈനയിലെ കമ്യൂണിസ്റ്റു ഭരണത്തിനു കീഴിലേക്കു മടക്കിക്കൊണ്ടുവന്നതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പ്രതിഷേധ റാലിയില്‍ ചേര്‍ന്ന നൂറുകണക്കിനു പ്രക്ഷോഭകര്‍ സര്‍ക്കാര്‍ ആസ്ഥാനത്തിന്റെ ചില്ലു വാതിലുകള്‍ തകര്‍ത്ത് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറി.

ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കിയിട്ട് നാളുകളേറെ ആയിരുന്നു. യൂറോപ്യന്‍ യൂണിയനും യുകെയും നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും യുഎസ് ഇടപെടുന്നതു നിര്‍ത്തണമെന്നും ചൈനയിലെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഹോങ്കോങ് സ്വദേശിയായ യുവതി തായ്ലന്‍ഡില്‍ കൊല്ലപ്പെട്ടതാണു നിയമഭേദഗതിക്കു നിമിത്തമായി പറയുന്നത്. കൊലയ്ക്കുശേഷം പ്രതിയായ കാമുകന്‍ ഹോങ്കോങ്ങിലേക്കു മടങ്ങിയെത്തി. തായ്ലന്‍ഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാല്‍ പ്രതിയെ അവിടേക്കു വിട്ടുകൊടുക്കാനായില്ല. തായ്ലന്‍ഡില്‍ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങില്‍ കേസെടുക്കാനും സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ ഭാഷ്യം.

ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്. ഇതിനിടെ, പ്രക്ഷോഭകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അവരുടെ ആശങ്കകള്‍ക്കു പരിഹാരം ഉണ്ടാക്കുമെന്നും ഹോങ്കോങ് ഭരണാധികാരി കാരി ലാം ഇന്നലെ ആദ്യമായി പറഞ്ഞു. കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ചൈനയുടെ പാവയായ കാരി ലാം രാജിവയ്ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, കാരി ലാം നിലപാടു മയപ്പെടുത്താന്‍ ശ്രമിച്ചാലും ചൈന അനുവദിക്കില്ലെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button