Kerala

സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി

പുതിയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപവത്കരിക്കുന്ന പ്രക്രിയയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നയരൂപവത്കരണത്തെയും നയരൂപകർത്താക്കളെയും സംബന്ധിച്ച് സ്ഥിതിവിവരക്കണക്ക് ഡാറ്റബേസ് സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ രംഗത്തെ മാതൃകയായ, സ്ഥിരാസ്തിയായി മാറുന്ന ഒരു കമ്മിഷൻ രൂപവത്കരിക്കുകയാണ് നമ്മുടെ ലക്ഷ്യം. വരുംവർഷങ്ങളിലെ സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനായി സർക്കാരിന്റെ സ്ഥിതിവിവരക്കണക്ക് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായകമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആസൂത്രണബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിലെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച സംസ്ഥാനതല ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ ചുറ്റിപ്പറ്റി സമീപകാലത്ത് ഉണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശില്പശാല വലിയ പ്രാധാന്യമർഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ടതായിരുന്നു ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് സംവിധാനം. എന്നാൽ സമീപകാലത്ത് ദേശീയതലത്തിൽ അതിന്റെ ഡാറ്റയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ജിഡിപി കണക്കാക്കുന്നതിലെ രീതിശാസ്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ഈയിടെ പുറത്തിറക്കിയ തൊഴിൽ ഡാറ്റ സംബന്ധിച്ചും വിവാദങ്ങളുണ്ടായി. ഇത് ഡാറ്റയുടെ വിശ്വാസ്യതയെയും അതിലും പ്രധാനമായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളെയും ബാധിക്കും. ചോദ്യം ചെയ്യപ്പെടുന്ന ഡാറ്റ അനിവാര്യമായും പിഴവുള്ള ആസൂത്രണത്തിനും ഫലപ്രദമല്ലാത്ത നയങ്ങൾക്കും ഇടയാക്കും.
ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഭാവിയിലും സമൂഹത്തിന് മുഴുവൻ ഗുണകരമായ നയങ്ങൾ വിഭാവനം ചെയ്യുകയും നടപ്പാക്കുകയുമാണ് ലക്ഷ്യം. ദീർഘവീക്ഷണത്തോടും സന്നദ്ധതയോടുമുള്ള ഇത്തരം സമീപനം കൈക്കൊള്ളുമ്പോൾ, സാമൂഹിക, സാമ്പത്തികനയങ്ങൾക്ക് അടിസ്ഥാനമാക്കുന്നത്് ഉയർന്ന നിലവാരത്തിലുള്ള സ്ഥിതിവിവരക്കണക്കുകളാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തലത്തിൽ സാമൂഹിക, സാമ്പത്തികനയങ്ങൾ രൂപവത്കരിക്കുന്നതിനും നമുക്ക് കാര്യക്ഷമമായ ഡാറ്റ ആവശ്യമുണ്ട്. കാര്യക്ഷമമായ ആസൂത്രണത്തിന് നമ്മുടെ നിലവിലുള്ള ഡാറ്റബേസ് പര്യാപ്തമാണോയെന്നും എന്തൊക്കെയാണ് നമ്മുടെ ആവശ്യകതകളെന്നും വിശകലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തികവികാസത്തിന് സുപ്രധാനമായ മുൻഗണനാമേഖലകൾ നിർണയിക്കൽ, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുക, വിവിധ മേഖലകളിൽ ദേശീയ, അന്തർദേശീയ നിലവാരത്തിൽ മാതൃകാസങ്കല്പനങ്ങളും സംവർഗങ്ങളും രീതിശാസ്ത്രവും വികസിപ്പിക്കുക എന്നിവയാണ് ശില്പശാലയുടെ ലക്ഷ്യങ്ങൾ. സംസ്ഥാന വരുമാനം, ലിംഗപദവി, തദ്ദേശഭരണസ്ഥാപനങ്ങളുടെ ശേഷീവികസനം എന്നീ സെഷനുകൾക്കു പുറമെ, വ്യവസായം, കൃഷി, സാമൂഹികസേവനമേഖലകൾ, ജനസംഖ്യ, തൊഴിലും കുടിയേറ്റവും, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നു, ഈ മേഖലയിലെ വിദ്ഗ്ധർ വിവിധ സെഷനുകളിലായി സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button