Latest NewsIndia

സ്വകാര്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കുന്നതായി ആരോപണം; വിശദീകരണവുമായി ‘ടിക് ടോക്ക്’

ന്യൂഡല്‍ഹി : ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ചൈനീസ് ഉടമസ്ഥതയിലുള്ള വിഡിയോ ആപ്ലിക്കേഷനായ ‘ടിക്ടോക്’ തള്ളി. ടിക്ടോക് നിയമവിരുദ്ധമായി ചൈനയ്ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി അടിയന്തര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയ്ക്കു മറുപടിയായാണ് കമ്പനിയുടെ വിശദീകരണം.

ഓരോ രാജ്യത്തെയും നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ടിക്ടോക് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ടെലികോം വഴി ടിക്ടോക്കിന്റെ ഡേറ്റ ചൈന കൈക്കലാക്കുകയാണെന്ന് തരൂര്‍ ആരോപിച്ചിരുന്നു. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഇവര്‍ക്ക് യുഎസ് 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേസമയം, ഡേറ്റയും സ്വകാര്യവിവരങ്ങളും ചോര്‍ത്തുന്നതു തടയാന്‍ ഇന്നും നാളെയും സമൂഹമാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു പ്രതിഷേധിക്കാന്‍ ഓണ്‍ലൈന്‍ സര്‍വവിജ്ഞാന കോശമായ വിക്കിപീഡിയയുടെ സഹ സ്ഥാപകന്‍ ഡോ. ലാറി സാന്‍ജര്‍ ആഹ്വാനം ചെയ്തു. ചൈന ടെലികോമിന് സ്ഥാപനത്തില്‍ പങ്കാളിത്തമില്ലെന്നും ബൈറ്റ് ഡാന്‍സ് വിശദീകരിച്ചു. ഇന്ത്യയില്‍നിന്നുള്ള ഉപയോക്താക്കളുടെ ഡേറ്റ യുഎസിലും സിംഗപ്പൂരിലുമാണു സൂക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button