Latest NewsIndia

റണ്‍വേ അപകടങ്ങള്‍; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ്

ന്യൂഡല്‍ഹി: കനത്ത മഴയുടേയും തുടര്‍ച്ചയായുണ്ടാവുന്ന റണ്‍വേ അപകടങ്ങളുടെയും, പശ്ചാത്തലത്തില്‍ വിമാനയാത്രകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ്. വിമാനങ്ങളില്‍ അനുഭവ സമ്പന്നരായ പൈലറ്റുമാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

ജയ്പ്പൂരില്‍ നിന്ന് 167 യാത്രക്കാരുമായി മുംബൈയിലെത്തിയ സ്‌പൈസ്‌ജെറ്റ് വിമാനം കഴിഞ്ഞ ദിവസം റണ്‍വേയില്‍ തെന്നി നീങ്ങിയത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് സൂററ്റ് വിമാനത്താവളത്തിലും മംഗളൂരു വിമാനത്താവളത്തിലും റണ്‍വേയില്‍ വിമാനം തെന്നിമാറി അപകടമുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടായ ഈ സംഭവങ്ങളാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങാന്‍ കാരണം.

റണ്‍വേയിലുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡിജിസിഎ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വിമാനത്താവളങ്ങളില്‍ മതിയായ വെളിച്ചം ലഭിക്കുവാനുള്ള സംവിധാനങ്ങള്‍ ഉറപ്പു വരുത്താനും, വിമാനം പറന്നുയരുമ്പോഴും നിലത്തിറക്കുമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും സര്‍ക്കറുലറില്‍ നിര്‍ദ്ദേശങ്ങളുണ്ട്. പൈലറ്റുള്‍പ്പെടെ കോക്ക്പിറ്റിലുള്ള എല്ലാ അംഗങ്ങളും അനുഭവസമ്പന്നരായിരിക്കണം എന്നും കാലാവസ്ഥയെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സുരക്ഷിതമായ ലാന്റിംഗ് ഉറപ്പിക്കാനാവാത്ത സാഹചര്യങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയും റണ്‍വേയിലെ തെന്നിമാറലും കാരണം അന്‍പതിലേറെ വിമാനങ്ങളാണ് വിവിധയിടങ്ങളിലായി കഴിഞ്ഞ നാല്പത്തിയെട്ട് മണിക്കൂറിനിടെ റദ്ദാക്കിയത്. കനത്ത മഴയെത്തുടര്‍ന്ന് റണ്‍വേ അടച്ച മുംബൈ വിമാനത്താവളത്തില്‍ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാന്‍ 48 മണിക്കൂറെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button