KeralaLatest News

കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു: പരാതിയുമായി സ്റ്റേഷനിലെത്തിയയാള്‍ എസ് ഐയേയും പോലീസുകാരേയും മര്‍ദ്ദിച്ചു

ഒമ്പത് കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് സിഐ. പറഞ്ഞു

കോന്നി: പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ ആള്‍ എസ് ഐയേയും പോലീസുകാരെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ വിമുക്തഭടനായ വയക്കര തലത്താഴം വീട്ടില്‍ സോമശേഖരന്‍ നായരെ(56) അറസ്റ്റ് ചെയ്തു.  കോന്നി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ എസ് ഐ. കിരണ്‍, എ.എസ് ഐ. മധുസൂദനന്‍, സി.പി.ഒ.മാരായ മനു, ഷാജഹാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. വീടിന് ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി സോമശേഖരന്‍ നായര്‍ സ്‌റ്റേഷനില്‍ എത്തിയത്. പരാതിയുമായി എസ് ഐ.യുടെ മുറിയില്‍ ചെന്ന സോമശേഖരനോട് ഉദ്യോഗസ്ഥന്‍ പുറത്തു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതില്‍ അരിശംപൂണ്ട സോമശേഖരന്‍ പോലീസുകാരെ അസഭ്യം പറയുകയും എസ് ഐ.യെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പുറത്തേക്കോടിയ ഇയാളെ പിടിക്കാന്‍ ചെന്ന ഷാജഹാനെയും മര്‍ദിച്ചു. തുടര്‍ന്ന് എസ്‌ഐയും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് ഇയാളെ ലോക്കപ്പിലടക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ സോമശേഖരന്‍ നായര്‍ വൈദ്യപരിശോധന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു. വനംവകുപ്പുകാരെ ആക്രമിച്ച സംഭവം, വനിതാ പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞത്, കൊക്കാത്തോട് വനം വകുപ്പ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതുമായ ഒമ്പത് കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് സിഐ. പറഞ്ഞു. ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഭയന്ന് ഇവര്‍ ഒളിവില്‍ താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button