KeralaLatest News

പാര്‍ട്ടിയോട് ആലോചിക്കാതെ ആശുപത്രി വാങ്ങി, പുലിവാല് പിടിച്ച് എംഎല്‍എ; നടപടിക്കൊരുങ്ങി സിപിഐ

കൊല്ലം : പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് കൊല്ലത്ത് സ്വകാര്യാശുപത്രി വാങ്ങിയ സംഭവത്തില്‍ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലിനോട് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. ജയലാല്‍ അധ്യക്ഷനായ സാന്ത്വനം കോപ്പറേറ്റീവ് സൊസൈറ്റിയാണ് മേവറത്തു പ്രവര്‍ത്തിക്കുന്ന അഷ്ടമുടി ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചത്.വിലയായ അഞ്ചുകോടി രൂപയില്‍ ഒരു കോടി രൂപ വിലയായി നല്‍കുകയും ചെയ്തു.

പാര്‍ട്ടിയോട് ആലോചിക്കാതിരുന്നത് വീഴ്ചയാണെന്നും ജാഗ്രതക്കുറവ് സമ്മതിക്കുന്നുവെന്നും ജയലാല്‍ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ജയലാലിന്റെ വിശദീകരണം ചര്‍ച്ച ചെയ്ത് നടപടി വേണമോ എന്ന് തീരുമാനിക്കും. ജയലാല്‍ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ രൂപീകരിച്ച സഹകരണ സംഘമാണു കൊല്ലം ബൈപാസ് റോഡരികില്‍ മേവറത്തുള്ള സ്വകാര്യ ആശുപത്രി വാങ്ങുന്നത്.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുവാദം വാങ്ങാതിരുന്നതാണ് അന്വേഷണത്തിനു വഴിതുറന്നത്. ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍, പാര്‍ട്ടിയില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുള്ള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടിക്കിടക്കുമ്പോഴാണ് 5.25 കോടി രൂപയ്ക്കു സ്വകാര്യ ആശുപത്രി സ്വന്തമാക്കാനുള്ള ശ്രമം. ഒരു കോടിയിലേറെ രൂപ നല്‍കി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതിയാണ് ജയലാലിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button