Latest NewsKerala

‘ ഇതാണ് പുതുക്കിയ ഓട്ടോ നിരക്കുകള്‍’ ; ജനങ്ങളുടെ സംശയത്തിന് മറുപടിയുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേരള സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാര്‍ജ്ജ് പട്ടികയാണ് കേരളാ പൊലീസ് പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ചാര്‍ജ്ജ് പുതുക്കി നിശ്ചയിച്ചിരുന്നു എങ്കിലും പലയിടത്തും പല നിരക്കാണ് ഈടാക്കുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു. ഒടുവില്‍ ജനങ്ങളുടെ സംശയത്തിന് മറുപടിയുമായി കേരളാ പോലീസ് രംഗത്ത്. കേരളാ പൊലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പുതുക്കിയ ഓട്ടോ ചാര്‍ജ്ജ് പ്രസിദ്ധീകരിച്ചു. സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേരള സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാര്‍ജ്ജ് പട്ടികയാണ് കേരളാ പൊലീസ് പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.

മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകള്‍ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നല്‍കേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു. രാത്രികാലങ്ങളിലുള്ള യാത്രയില്‍, അതായത് രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകള്‍ക്ക് മേല്‍ സൂചിപ്പിച്ച ചാര്‍ജ്ജിന്റെ 50% കൂടി അധികമായി നല്‍കേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളും കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളില്‍ പകല്‍ 5 മണി മുതല്‍ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകള്‍ക്ക് മിനിമം ചാര്‍ജ്ജിന് പുറമേയുള്ള തുകയുടെ 50% അധികമായി നല്‍കേണ്ടതാണെന്നും പോസ്റ്റില്‍ പറയുന്നു. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കില്‍ മീറ്റര്‍ ചാര്‍ജ്ജ് മാത്രം നല്‍കിയാല്‍ മതിയാകും. വെയ്റ്റിംഗ് ചാര്‍ജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങള്‍ക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും യാത്രക്കാരന്‍ നല്‍കേണ്ടതുണ്ട്.

യാത്രക്കാര്‍ക്ക് യാത്ര സംബന്ധിച്ചുള്ള പരാതികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099 എന്നീ നമ്പറുകളിലോ അറിയിക്കുക്കാമെന്നും പോലീസ് പറയുന്നു.

അതേസമയം, കേരളാ പൊലീസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ പുതുക്കിയ ഓട്ടോ നിരക്ക് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നത്. പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി നഗരങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രയ്ക്കായി അമിത ചാര്‍ജ്ജീടാക്കുന്നുവെന്ന പരാതിയാണ് ഏറെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button