KeralaLatest News

നഷ്ടപ്പെട്ട പാദസരം തിരികെ നല്‍കാന്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും കെഎസ്ആര്‍ടിസി ഈടാക്കിയത് 4000 രൂപ; സംഭവം ഇങ്ങനെ

നഷ്ടപ്പെട്ട വസ്തു ഉടമയ്ക്ക് തിരികെ നല്‍കുമ്പോള്‍ നോക്കുകൂലിയായി നഷ്ടമായ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം പണം ഈടാക്കണം എന്നതാണ് കെ എസ് ആര്‍ ടി സിയുടെ നിയമം

തിരുവനന്തപുരം: ബസില്‍വെച്ച് കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നല്‍കാന്‍ കെഎസ്ആര്‍ടിസി ഈടാക്കിയത് 4000 രൂപ. തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയുടെ പാദസരം തിരികെ നല്‍കിയപ്പോഴാണ് നോക്കുകൂലിയായി കെ എസ് ആര്‍ ടി സി പണം ഈടാക്കിയത്.

കോതമംഗലം സ്വദേശിയായ പെണ്‍കുട്ടി പാദസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബസിനുള്ളില്‍ നിന്നും നഷ്ടപ്പെട്ട പാദസരം ലഭിച്ച സഹയാത്രക്കാരി ഇത് കെഎസ്ആര്‍ടിസിയുടെ കണിയാപുരം ഡിപ്പോയില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇവര്‍ സ്വര്‍ണാഭരണം ഡിപ്പോയില്‍ ഏല്‍പ്പിച്ച വിവരം ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവെയ്ക്കുകയും ചെയ്തു. ഈ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മ്യൂസിയം പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. പൊലീസിന്റെ അറിയിപ്പ് പ്രകാരം പെണ്‍കുട്ടി ഡിപ്പോയിലെത്തി പാദസരം ഏറ്റുവാങ്ങി. എന്നാല്‍ പാദസരം തിരികെ വാങ്ങാനെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ 4000 രൂപ ഈടാക്കുകയായിരുന്നു. ഒരു ദിവസമാണ് പാദസരം ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നത്. നോക്കുകൂലിയായി വാങ്ങിയ പണത്തിന് പുറമെ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവങ്മൂലവും രണ്ടുപേരുടെ ആള്‍ജാമ്യവും കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടു. എന്നാല്‍ കൈവശം പണമില്ലാതിരുന്ന പെണ്‍കുട്ടി സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയാണ് ഡിപ്പോയില്‍ പണമടച്ചത്.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി അധികൃതരും രംഗത്തെത്തി. ബസില്‍ നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ കണ്ടക്ടറാണ് ഏറ്റെടുക്കുന്നത്. നഷ്ടപ്പെട്ട വസ്തു ഉടമയ്ക്ക് തിരികെ നല്‍കുമ്പോള്‍ നോക്കുകൂലിയായി നഷ്ടമായ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം പണം ഈടാക്കണം എന്നതാണ് കെ എസ് ആര്‍ ടി സിയുടെ നിയമം. ഇത്തരത്തില്‍ പരമാവധി 10,000 രൂപ വരെ ഉടമയില്‍ നിന്ന് ഈടാക്കാം. വസ്തുവിന്റെ വിപണിമൂല്യം കണക്കാക്കിയാണ് ഇത്തരത്തില്‍ പണം ഈടാക്കുന്നതെന്നും ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി പ്രാബല്യത്തിലുള്ള നിയമമാണിതെന്നും ഒന്നരപ്പവന്റെ പാദസരം ആയതിനാലാണ് 4000 രൂപ ഈടാക്കിയതെന്നും കെ എസ് ആര്‍ ടി സി കണിയാപുരം ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button