KeralaLatest News

തന്റെ വാഹനം ഇടിച്ചെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരവുമായി മന്ത്രി ജലീല്‍

അപകട സ്ഥലത്തു വച്ച് മന്ത്രി യുവാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

കോഴിക്കോട്: തന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്കു പറ്റിയെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണം നല്‍കി മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞ ദിവസം മലപ്പുറം ചെട്ടിയാം കിണറിന് സമീപത്താണ് സംഭവം നടന്നതെന്ന് മന്ത്രി പറഞ്ഞു. ബൈക്കില്‍നിന്ന് വീണവര്‍ക്ക് സഹായം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഓടിക്കൂടിയെത്തിവര്‍ തന്നെ തടഞ്ഞുനിര്‍ത്തുകയാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

അപകട സ്ഥലത്തു വച്ച് മന്ത്രി യുവാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ക്ക് വിശദീകരണമായിട്ടാണ് മന്ത്രി ജലീല്‍ രംഗത്തെത്തിയത്.

താന്‍ വാഹനത്തില്‍ പോകുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടത്തിനിടെ തെന്നി വീണത് കണ്ടാണ് വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കവെ അവിടെ എത്തിയ ചിലര്‍ തനിക്കെതിരെ തിരിയുകയായിരുന്നു.
ബൈക്കില്‍നിന്ന് വീണ കുട്ടികളോട് കാര്യങ്ങള്‍ തിരക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ തന്നെ തടഞ്ഞുവെച്ചപ്പോള്‍ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കില്‍ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

മന്ത്രിയെ തടഞ്ഞുനിര്‍ത്തിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കല്‍പ്പകഞ്ചേരി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button