Latest NewsIndia

രാജ്യം കാക്കാന്‍ തയ്യാറായി ലക്ഷക്കണക്കിന് വനിതകള്‍; അപേക്ഷകരുടെ എണ്ണം കണ്ട് അമ്പരപ്പ് മാറാതെ അധികൃതര്‍

ന്യൂഡല്‍ഹി: സൈന്യത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ലക്ഷം വനിതകള്‍. അടുത്തിടെ വിജ്ഞാപനം ചെയ്ത കോപ്‌സ് ഓഫ് മിലിട്ടറി പൊലീസ് (സിഎംപി) വിഭാഗത്തിലെ 100 ഒഴിവുകളിലേക്കാണ് ഇത്രയധികം സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അയച്ച് കാത്തിരിക്കുന്ന രണ്ടുലക്ഷത്തിലധികം വരുന്ന യുവതികള്‍ക്കു വേണ്ടി ഈ മാസം അവസാനത്തോടെ റിക്രൂട്ട്‌മെന്റ് റാലി നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ബല്‍ഗാമിലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുക.

ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഈ രീതിക്ക് മാറ്റം വരും. സിഎംപിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുക. പരിശീലനത്തിന് ശേഷം ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടികളില്‍ ഇവരെ നിയോഗിക്കും. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നത് സൈന്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടായിരുന്നു. വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാകുമെന്നാണ് നിഗമനം. ഇതിനൊപ്പം, പീഡനം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നീ കേസുകളിലും വനിതാ ജവാന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button