Latest NewsIndia

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ പണം നല്‍കി; ഒടുവില്‍ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

ബെംഗളൂരു: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ഐ.ടി. ജീവനക്കാരിയായ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 24 ലക്ഷം രൂപ. ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി. കമ്പനി ജീവനക്കാരിയായ 25 കാരിയാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ജനുവരിയിലാണ് പ്രമുഖ വൈവാഹിക സൈറ്റില്‍ യുവതി അംഗമാകുന്നത്. പിന്നീട് വിശാല്‍ എന്നു പരിയപ്പെടുത്തിയ യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ആമസോണിലെ ഉദ്യോഗസ്ഥനും പെണ്‍കുട്ടിയുടെ നാട്ടുകാരനുമാണ് താനെന്നാണ് ഇയാള്‍ യുവതിയെ ധരിപ്പിച്ചിരുന്നത്.

നാളുകള്‍ നീണ്ട പരിചയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പ് സ്വന്തമായി സ്ഥലം വാങ്ങണമെന്നും കാറു വാങ്ങണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ 14 തവണയായി യുവതില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് പരാതി. യുവതിയുടെ പേരില്‍ നാലോളം ക്രെഡിറ്റ് കാര്‍ഡുകളും ഇയാള്‍ സ്വന്തമാക്കി. ഇവയുപയോഗിച്ച് ആഢംബര വസ്തുക്കളും വസ്ത്രങ്ങളും ഇയാള്‍ വാങ്ങിയിരുന്നു. ഇതിന്റെയെല്ലാം ബില്ല് യുവതിയാണ് അടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മേയ് അവസാനത്തോടെ ഇയാള്‍ യുവതിയുടെ ഫോണെടുക്കാതെയായി. നേരിട്ട് കാണാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും പരാതിയിലുണ്ട്. ഇതോടെയാണ് താന്‍ തട്ടിപ്പിനിരയായതായി യുവതി മനസിലാക്കിയത്.

സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയതുള്‍പ്പെടെയുള്ള പണമാണ് യുവതി ഇയാള്‍ക്ക് നല്‍കിയത്. തട്ടിപ്പ് മനസിലായതോടെ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സന്നദ്ധ സംഘടനയെയാണ് യുവതി പരാതിയുമായി സമീപിച്ചത്. പിന്നീട് ഈ സന്നദ്ധ സംഘടനയുടെ സഹായത്തോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഇലക്ട്രോണിക് സിറ്റി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button