KeralaLatest News

ചരിത്രാന്വേഷികളെ കാത്ത് പെരിയാര്‍ തീരത്തെ മുനിയറകള്‍

നവീന ശിലായുഗത്തെ തുടര്‍ന്ന് വന്ന മഹാ ശിലായുഗത്തിന്റെ സംഭാവനകളാണ് പെരിയാര്‍ തീരത്തെ മുനിയറകള്‍. മുനിയറകളെ പൊതുവേ കല്ലറകള്‍, മേശ കല്ലുകള്‍, കൂടകല്ലുകള്‍, നടുക്കല്ലുകള്‍, കല്‍ വ്യത്തങ്ങള്‍ എന്നിവങ്ങനെ തിരിച്ച് ശിലായുഗ സ്മാരകങ്ങളായി കരുതുന്നു.

വളരെ പണ്ടുകാലത്ത് മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച ഇടങ്ങളാണ് ഈ മുനിയറകളെന്നാണ് ഒരു പക്ഷം. ഋഷീശ്വരന്‍മാര്‍ ഏകാന്തമായി തപസ് അനുഷ്ഠിച്ച് ഇരുന്നതാണ് മുനിയറകള്‍ എന്നും കൊള്ളസംഘക്കാര്‍ ഒളിസങ്കേതമായി ഉപയോഗിച്ചിരുന്നതാണന്നും വ്യത്യസ്ഥ അഭിപ്രായങ്ങളും ചരിത്രകാരന്‍മാര്‍ക്കിടയിലുണ്ട്. ഏകദേശം 10 അടിയോളം നീളവും 4 അടി വീതിയുമുള്ളതാണ് മുനിയറകള്‍. ഇവയില്‍ ഒറ്റ അറയയും രണ്ടറകളായും ഉള്ള മുനിയറകള്‍ ഉണ്ട്. അരയടി കനത്തി ലുള്ള കല്‍ ഭിത്തികളാണ് മുനിയറകള്‍ക്കുള്ളത്. ഒരാള്‍ക്ക് ഇരിക്കുന്നതിനും നിവര്‍ന്ന് കിടക്കുന്നതിനും കഴിയുന്നതരത്തിലാണ് ഇവയുടെ നിര്‍മ്മാണം.

ശിലായുഗചരിത്രം വിളിച്ചറിയിക്കുന്ന ഇത്തരത്തിലുള്ള നിരവധി മുനിയറകളാണ് പെരിയാറിന്റെ തീരങ്ങളിലെ പോത്തുപാറ, തട്ടേക്കാട് ഇഞ്ചതൊട്ടി പ്രദേശങ്ങളിലും സമീപ മേഖലയായ പൂയംകൂട്ടി, വെള്ളാരംകുത്ത്, വടാട്ടുപാറ, കൂറ്റാംപാറ, പുലിപ്പാറ എന്നിവിടങ്ങളിലുമുള്ളത്. അതേസമയം ഈ മുനിയറകളുടെ ചരിത്രപ്രാധാന്യമൊന്നും പരിഗണിക്കപ്പെടാതെ പലതും നാശോന്‍മുഖമാകുകയാണ്. ഇടമലയാര്‍ അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ ഇത്തരം നിരവധി മുനിയറകള്‍ ജലസംഭരണിയില്‍ മുങ്ങി പോയിട്ടുണ്ടെന്നും പഴമക്കാര്‍ പറയുന്നുണ്ട്.

പെരിയാര്‍ തീരത്ത് നശിച്ചു കൊണ്ടിരിക്കുന്ന ശിലായുഗ ചരിത്രത്തിന്റെ ഭാഗമായ മുനിയറകള്‍ സംരക്ഷിക്കണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ രണ്ട് വര്‍ഷം മുന്‍മ്പ് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും മുനിയറകളെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. പെരിയാര്‍ തീരത്തും കുട്ടംമ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും കാണുന്ന ശിലായുഗത്തിന്റെ ഭാഗമായ മുനിയറകള്‍ സംരക്ഷിക്കുവാന്‍ തദ്ദേശ സ്വയംഭരന്ന സ്ഥപനങ്ങളെങ്കിലും മുന്‍കൈ എടുത്തേ തീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button