KeralaNews

കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പിണറായി വിജയന്‍

 

തിരുവനന്തപുരം> ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഐ എം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്. എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ല. പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലുണ്ട് എന്നതുകൊണ്ട് സംഘപരിവാര്‍ രാജ്യത്ത് അഴിഞ്ഞാടുന്ന സ്ഥിതിയാണുള്ളത്. ഇടതുപക്ഷം എല്ലാ ഘട്ടത്തിലും അതിനെ എതിര്‍ക്കുന്ന സ്ഥിതിയുണ്ട്. എന്നാല്‍ മതനിരപക്ഷത പറയുന്നവര്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറാകുന്നില്ല. പ്രധാന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാറുകളൂം രാജ്യത്തുണ്ട്.

മധ്യപ്രദേശ് പ്രധാന സംസ്ഥാനമാണ്. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. അവിടെയാണ് പശുവിനെ കടത്തിയെന്ന പേരില്‍ ദേശസുരക്ഷാ നിയമം ഉപയോഗിച്ചത്. ബിജെപി സര്‍ക്കാരിന്റെ വഴിയെത്തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറാന്‍ കഴിയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല.

ഇവരാണോ രാജ്യത്തിനുവേണ്ടി സംഭാവന ചെയ്യാന്‍ പോകുന്നതെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഏറെ അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി എന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തികേണ്ട ഘട്ടത്തില്‍ അതിനു നേതൃത്വം കൊടുക്കേണ്ടത് ആരെന്ന് അറിയാത്ത സ്ഥിതി. രാജ്യത്ത് കോണ്‍ഗ്രസ്സിനെപ്പോലെ ഒരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുള്ളതല്ല. രാജ്യം നേരിടുന്ന ഗൗരവ അവസ്ഥ കാണാനും അതിനെ നേരിടാനും തയ്യാറാകണം കോണ്‍ഗ്രസ്. എന്നാല്‍ അതിനു തയ്യാറാകുന്നില്ല.

പല സ്ഥാനത്തേക്കും കരുതിയവരെല്ലാം എല്ലാം കയ്യൊഴിഞ്ഞ് പോകുന്ന സ്ഥിതി. ജയിക്കുമ്പോള്‍ മാത്രമല്ല പ്രതിസന്ധിയിലും പാര്‍ട്ടിയെ നയിക്കാന്‍ കഴിയണം. ബിജെപിക്ക് ആളെ കൊടുക്കുന്ന പണിയാണെന്ന് കോണ്‍ഗ്രസ്സിനെന്ന് ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രബജറ്റില്‍ കേരളത്തെ എന്‍ഡിഎ സര്‍ക്കാര്‍ അവഗണിച്ചെന്നും പിണറായി ആരോപിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര ബജറ്റില്‍ ഒരു പൈസ മാറ്റി വച്ചില്ല. കേരളത്തിന് സ്വന്തമായി എയിംസ് വേണമെന്നത് വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇതും പരിഗണിച്ചില്ല. എല്ലാ മേഖലകളിലും കേരളത്തിന് അവഗണന മാത്രമാണ്. അര്‍ഹമായ സഹായം കേരളത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടിയേ തീരൂ – മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button