KeralaLatest News

മദ്യപിച്ച് ലക്കുകെട്ടു; പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടം കറക്കി എസ്പി

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടംകറക്കി. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് ആദ്യദിവസം തന്നെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തെ തുടര്‍ന്ന് പുതുതായി ക്രൈംബ്രാഞ്ചില്‍ ചാര്‍ജെടുത്ത എസ്പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു. പുതിയ എസ്പി വരുന്നതറിഞ്ഞ് പോലീസുകാര്‍ വലിയ സ്വാഗതപരിപാടികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ ഈ ഉദ്യോഗസ്ഥന്‍ നേരെ മദ്യശാല തേടിയാണ് പോയത്. രണ്ടു ദിവസം ഹോട്ടലില്‍ മുറിയെടുത്ത് മദ്യത്തിലാറാടിയ ശേഷമാണ് മേലുദ്യോഗസ്ഥന്‍ ചാര്‍ജെടുക്കാനെത്തിയത്.

എസ്പിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട മറ്റ് ഉദ്യോഗസ്ഥര്‍ അസുഖമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ജീപ്പില്‍ മദ്യക്കുപ്പി കണ്ടതോടെ കാര്യം മനസിലായി. എസ്പി പിന്നീട് താമസം ഹോട്ടലില്‍ നിന്നും പോലീസ് ക്ലബിലേക്ക് മാറ്റി. ഇവിടെയും മദ്യപാനം തുടര്‍ന്നു. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ സഹോദരന്‍ മരിച്ചെന്നും തനിക്ക് അവിടേക്ക് പോകണമെന്നും പറഞ്ഞ് എസ്പി അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാന്‍ തയാറായി. ഔദ്യോഗിക വാഹനം ഉപയോഗിച്ച് പോകുന്നതിനിടെ മദ്യ ലഹരിയിലായിരുന്ന ഇയാല്‍ വാഹനത്തില്‍ ഛര്‍ദിച്ചു. എന്നാല്‍ കൃത്യസ്ഥലത്ത് എത്താന്‍ പറ്റാതെ തിരിച്ചു കോഴിക്കോടേക്ക് വരുന്ന വഴി അദ്ദേഹം വാഹനത്തില്‍ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു. ഒടുവില്‍, പോലീസ് ഡ്രൈവര്‍ക്ക് ഇതെല്ലാം വൃത്തിയാക്കേണ്ടി വന്നു. തുടര്‍ന്ന് ക്ലബിലെ മുറിയിലെത്തിയ എസ്പി 2 ദിവസമായി ജോലിക്കു പോകാതെ മുറിയടച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ ക്ലബിന്റെ മുറിയുടെ ചുമതലയുള്ളയാള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ കമ്മീഷണര്‍ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ എത്തുമ്പോഴും എസ്പി മദ്യലഹരിയില്‍ തന്നെയായിരുന്നു. ഇക്കാര്യം കമ്മീഷണര്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. സംഭവം പുറത്തായതോടെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തി. എസ്പി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നല്ല നടപ്പിനായി ജൂണ്‍ 23ന് തിരിച്ചയച്ചു. ഇതോടെ കോഴിക്കോട് വയനാട് ജില്ലകള്‍ക്ക് നിലവില്‍ എസ്പി ഇല്ലാത്ത അവസ്ഥയാണ്. ദിവസേന കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും കേസന്വേഷത്തെ ഇത് കാര്യമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button