KeralaLatest News

അര്‍ജുന്റെ കൊലപാതകം; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്

കൊച്ചി: നെട്ടൂരില്‍ സുഹൃത്തുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ എം.വി. അര്‍ജുന്റെ മരണത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്. അര്‍ജുന്‍ മരിച്ചത് തലയോടു തകര്‍ന്നാണെന്നും കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ടു പലപ്രാവശ്യം ഇടിച്ചതിനാലുള്ള ഗുരുതര പരുക്കുകള്‍ തലയോട്ടിയിലുണ്ടെന്നും പോലീസ്് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനമാണിത്.

ചതുപ്പില്‍ താഴ്ത്തിയ നിലയിലുണ്ടായിരുന്ന മൃതദേഹം പൂര്‍ണമായി അഴുകിയിരുന്നു. അതിനാല്‍ മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു സൂചന. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. വൈകാതെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ പൊലീസ്. കേസില്‍ 17 വയസ്സുകാരന്‍ ഉള്‍പ്പെടെ 5 പ്രതികളാണുള്ളത്. ഇവരില്‍ 4 പേര്‍ റിമാന്‍ഡിലാണ്. പതിനേഴുകാരനെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിച്ചു.

മകനെ കാണാനില്ല എന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ അര്‍ജുന്റെ അച്ഛന്‍ വിദ്യനോടു പൊലീസ് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ പോലീസ് ഇന്നലെ അന്വേഷണം നടത്തിയിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടു വീട്ടിലെത്തിയാണ് അര്‍ജുന്റെ പിതാവ് വിദ്യനോട് ഇക്കാര്യം ചോദിച്ചറിഞ്ഞത്. പരാതിയുമായി എത്തിയപ്പോള്‍ പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിലൊരാള്‍ ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാന്‍ പൊലീസ് എന്താ കണിയാനാണോ’ എന്നു ചോദിച്ചെന്നായിരുന്നു വിദ്യന്റെ പരാതി. എന്നാല്‍, പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ചപ്പോഴാണ് ഇത്തരം പ്രതികരണമുണ്ടായതെന്നും ആരാണിതു പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലെ വിദ്യന്‍ മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button