Latest NewsIndia

ഹിമാചല്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നു രണ്ടുമരണം, സൈനികരും കുടുംബാംഗങ്ങളും അടക്കം നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി

കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്.

ധര്‍മ്മശാല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിൽ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 2 പേര്‍ മരിച്ചു. സൈനികര്‍ ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലെ കുമാര്‍ഹട്ടിയില്‍ ഞായറാഴ്ച നാല് മണിയോടെയാണ് സംഭവം. പരുക്കേറ്റ ഇരുപതിനടുത്ത് ആളകുളെ പുറത്തെത്തിച്ചിട്ടുണ്ട്. അപടത്തില്‍പ്പെട്ടവരില്‍ 30-35 ജവാന്‍മാരും ഉണ്ടെന്ന് ഹിമാചല്‍ പോലീസ് അറിയിച്ചു.

പോലീസും സൈന്യവും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ദഷംഗി കന്റോണ്‍മെന്റില്‍ നിന്നുള്ള സൈനികരാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. അപകടത്തില്‍ പരുക്കേറ്റവരെ ധര്‍മ്മപൂരിലെ വിവിധ ആശുപത്രികളിലും സോളനിലെ എം.എം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്.

മൂന്ന് നില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഒരു റെസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ജവാന്‍മാരടക്കം ഈ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലും റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകളാണ്.തലസ്ഥാനമായ സിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ സോളാനിലാണ് അപകടം നടന്നത്. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കനത്തമഴയെത്തുടര്‍ന്ന് ചണ്ഡിഗഡ് സിംല ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button