Latest NewsIndia

രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം അവസാനിപ്പിക്കാന്‍ വഴിയുണ്ട്; ടിക്കാറാം മീണ പറയുന്നതിങ്ങനെ

തൊടുപുഴ : ലേലം വിളിച്ച് പണം വാങ്ങി എംഎല്‍എമാര്‍ പാര്‍ട്ടി മാറുന്നതു ക്രിമിനല്‍ കുറ്റമാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഇലക്ഷന്‍ കമ്മിഷന് അധികാരം വേണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
കര്‍ണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടം ദൗര്‍ഭാഗ്യകരമാണ്. ഇതു തടയാന്‍ കമ്മിഷന് അധികാരമില്ല. രാഷ്ട്രീയ കക്ഷികളുടെ ഫണ്ടിങ്ങില്‍ നിയന്ത്രണം വേണമെന്നും ക്രിമിനലുകള്‍ ജനവിധി തേടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിലും കോളജിലും കൊടി പിടിച്ച് സിന്ദാബാദ് വിളിച്ചു നടന്നാല്‍ ജീവിതത്തില്‍ ഒന്നും നേടാനാവില്ല.

വൃത്തികെട്ട രാഷ്ട്രീയക്കളികളില്‍ പെടരുത്. നേതാക്കന്‍മാര്‍ അവരുടെ താല്പര്യത്തിനാണു വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത്. പഠിച്ച് നല്ല നിലയില്‍ എത്തിയാല്‍ അനുയായികളെ നഷ്ടപ്പെടുമെന്നതിനാല്‍ അതിനു രാഷ്ട്രീയക്കാര്‍ അനുവദിക്കില്ല. ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൂറുമാറ്റം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയായി തന്നെ കണക്കാക്കാം. ഇതിനെല്ലാം ഒരു അവസാനം വരണമെങ്കില്‍ കമ്മീഷന് അധികാരം വേണമെന്നും ടിക്കാറാം മീണ വ്യക്തമാക്കുന്നു.

2018ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാക്ക് ആയിരുന്നു കൂറുമാറ്റമെന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിനു ശേഷം ആ പാര്‍ട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവെക്കുകയോ, ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയോ വോട്ടു ചെയ്യുകയോ ചെയ്താല്‍ ആ അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച ഒരാള്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുകയോ, മറുകണ്ടം ചാടുകയോ ചെയ്താല്‍ അയാള്‍ തല്‍സ്ഥാനത്ത് തുടരുന്നതില്‍ നിന്നും അയോഗ്യനായി മാറും. 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003ല്‍ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികള്‍ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. 1985-ല്‍ 52-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ നിയമം പാസാക്കിയത്. ഇതിനു വേണ്ടി ഭരണഘടനയുടെ 102-ആം വകുപ്പില്‍ ഭേദഗതി വരുത്തുകയും, 10-ആം പട്ടിക കൂടിച്ചേര്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button