Latest NewsInternational

വിശപ്പകറ്റാനാവാതെ ലോകത്ത് 82 കോടി പേര്‍

യുണൈറ്റഡ് നാഷന്‍സ്: കഴിഞ്ഞ വര്‍ഷം ലോകത്ത് പട്ടിണിയില്‍ കഴിഞ്ഞത് 82.1 കോടി പേരാണെന്ന് കണക്ക്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒരുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്തവരുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞദിവസമാണ് യു.എന്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2015 മുതല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പോഷകാഹാരക്കുറവും വര്‍ധിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി കാണിച്ചിരുന്നെങ്കിലും ആഭ്യന്തരയുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിക്കും പോഷകാഹാരക്കുറവിനും പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

2017-ല്‍ 81 കോടി പേരായിരുന്നു ഒരുനേരത്തെ ആഹാരംപോലും ഉറപ്പില്ലാത്തവര്‍. 2030-ഓടെ വിശപ്പില്ലാത്ത ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കടുത്ത വെല്ലുവിളിയാണ് യു.എന്‍. നേരിടേണ്ടിവരികയെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ഡേവിഡ് ബീസ്ലി പറഞ്ഞു.

”മോശം പ്രവണതയാണ് ഇപ്പോഴത്തേത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും നേടിയെടുക്കാനാവില്ല. പട്ടിണിമൂലം ലോകത്ത് കുഞ്ഞുങ്ങളടക്കം മരിക്കുമ്പോഴും ബ്രെക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിനും ചുറ്റുമാണ് ലോകമാധ്യമങ്ങള്‍” -ബീസ്ലി വിമര്‍ശിച്ചു. മനുഷ്യരുടെ വിശപ്പാണ് ഭീകരവാദികള്‍ മുതലെടുക്കുന്നതെന്നും സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി ആളുകളെ ചേര്‍ക്കാനും അവര്‍ അത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷ്യന്‍ ഇന്‍ ദ വേള്‍ഡ്’ എന്ന പേരിലാണ് റിപ്പോര്‍ട്ട് യു.എന്‍. അവതരിപ്പിച്ചത്. യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്.എ.ഒ.) ലോകാരോഗ്യസംഘടന, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യു.എന്നിന്റെ വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

ആഫ്രിക്കയിലാണ് ഏറ്റവും അധികം ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിടുന്നത്. അവിടെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഏഷ്യയില്‍ ഇത് 12 ശതമാനവും ലാറ്റിന്‍ അമേരിക്ക, കരീബിയ എന്നിവിടങ്ങളില്‍ ഏഴുശതമാനവുമാണ്.ലോകത്ത് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരില്‍ എട്ടുശതമാനവും വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ളവരാണ്. പോഷകാഹാരക്കുറവാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകത്ത് 15 കോടിയോളം കുട്ടികള്‍ മതിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button