Latest NewsKeralaIndia

ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ ഒരു രാത്രി മുഴുവൻ രണ്ടു പേര് ചേർന്ന് ബലാത്സംഗം ചെയ്തു, പരിക്കേറ്റ് അവശയായ യുവതിയെ ആളൊഴിഞ്ഞിടത്ത് ഉപേക്ഷിച്ചു

യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ കണ്ടെത്തി.

ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ടു യുവാക്കള്‍ക്കു പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷം പിഴയും വിധിച്ചു കോടതി. തളിക്കുളം വില്ലേജ് തമ്ബാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ബിനേഷ് (ബിനു-35) , വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്‍ മകന്‍ അനുദര്‍ശ് (അനൂപ് കണ്ണാപ്പി-32) എന്നിവരെയാണ് ശിക്ഷിച്ചത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ കണ്ടെത്തി.

കൂടാതെ യുവതിയുടെ വസ്ത്രങ്ങളില്‍ ചോരക്കറയും അടിവസ്ത്രങ്ങള്‍ കീറിയതായും, കടിച്ച പാടുകളും കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിഴത്തുക ഇരയ്ക്കു നല്‍കണം. 2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യയായിരുന്നു 22 വയസുള്ള യുവതി. രക്തദാനത്തിനെത്തിയ ബിനേഷ്, യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പർ സംഘടിപ്പിച്ചു പ്രണയം നടിച്ചു വിവാഹാഭ്യര്‍ഥന നടത്തി.

ഗള്‍ഫില്‍ പോകുകയാണെന്നും രണ്ടുവര്‍ഷം കഴിഞ്ഞേ മടങ്ങിയെത്തൂവെന്നും പറഞ്ഞു യുവതിയെ സംഭവദിവസം ഉച്ചയ്ക്ക് നാട്ടിക ഗവണ്‍മെന്റ് കോളജിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തേക്കു വിളിച്ചുവരുത്തി. അംബാസഡര്‍ കാറില്‍ കയറ്റി. കാറോടിച്ച രണ്ടാംപ്രതി അനുദര്‍ശ് ആര്യപാടം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് വില്ലകളുടെ നിര്‍മാണം നടക്കുന്ന മണ്ണുറോഡിനരികില്‍ വാഹനം നിര്‍ത്തി.കാറിന്റെ ചില്ലുകള്‍ കയറ്റിയിട്ടു ഡോര്‍ ലോക്ക് ചെയ്തശേഷം അനുദര്‍ശ് പുറത്തേക്കുപോയി.

ഇവിടെവച്ചു ബിനേഷ് കാറിന്റെ പിന്‍സീറ്റില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി. പിന്നീട് അനുദര്‍ശിനോടു യുവതിയെ വീടിനടുത്ത് ഇറക്കാന്‍ പറഞ്ഞു ബിനേഷ് സ്ഥലംവിട്ടു.അനുദര്‍ശ് യുവതിയെയും കൂട്ടി കാറോടിച്ചു പോകുന്ന സമയം ഫോണ്‍ ചെയ്തു പ്രതികളുടെ സുഹൃത്തായ മറ്റൊരാളോട് വരാന്‍ പറയുകയും തുടര്‍ന്ന് അയാള്‍ കാര്‍ ഓടിക്കുകയും അനുദര്‍ശ് കാറിന്റെ ഡോര്‍ തുറക്കാതെ പിന്‍സീറ്റിലിരുന്നിരുന്ന യുവതിയുടെ അടുത്തെത്തി ഓടികൊണ്ടിരുന്ന കാറില്‍വച്ചു പലവട്ടം ബലാല്‍സംഗം ചെയ്തു. ഈ സമയം കാര്‍ ഉള്‍റോഡുകളിലൂടെ ഓടിക്കുകയായിരുന്നു.

യുവതി ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ തുറക്കാനുള്ള യുവതിയുടെ അറിവില്ലായ്മയും ഡോര്‍ ലോക്ക് ചെയ്തതു കൊണ്ടും പ്രതികള്‍ ബലപ്രയോഗം നടത്തിയതുകൊണ്ടും യുവതിക്ക് ബലാല്‍സംഗത്തില്‍നിന്നും രക്ഷപ്പെടാനായില്ല. അവശയായ യുവതി വീട്ടില്‍ പോകാതെ ആളൊഴിഞ്ഞ വില്ലയുടെയടുത്ത് അന്നുരാത്രി കഴിച്ചുകൂട്ടി. യുവതിയുടെ മൊബൈലിലെ സിം പ്രതികള്‍ എടുത്തു മാറ്റിയിരുന്നു. മകള്‍ രാത്രി എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.പിറ്റേന്നു പുലര്‍ച്ചെ യുവതിയെ പ്രതികള്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടു.

പിന്നീടിവര്‍ വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ബിനേഷും അനുദര്‍ശും ഒത്തുചേര്‍ന്നു തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന യുവതിയുടെ മൊഴിയും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രഫസര്‍ കൂടിയായ ഡോക്ടര്‍ സീനയുടെ മൊഴിയും നിര്‍ണായകമായി. ഇതാദ്യമായാണ് ഒരു ക്രിമിനല്‍ കേസില്‍ ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കുന്നത്.

Tags

Post Your Comments


Back to top button
Close
Close