KeralaLatest News

എല്ലാത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ട്; നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ചട്ടം ഭേദഗതി ചെയ്യാന്‍ നീക്കം- സംഭവം ഇങ്ങനെ

തിരുവനന്തപുരം: മൂന്നാറില്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം. 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് വിവരം. ഫയല്‍ ലാന്റ് റവന്യു കമ്മീഷണറുടെ പരിഗണനയിലാണ്. അതേസമയം അനധികൃത നിര്‍മ്മിതികള്‍ക്ക് ഇളവനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമക്കുരുക്കുകള്‍ക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതായും സൂചനയുണ്ട്.

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങളും ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ തയ്യാറാകാത്തതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് അടക്കം വലിയ വിമര്‍ശനമാണ് സര്‍ക്കാര്‍ നേരിടുന്നത്. അതിനിടയാണ് ചട്ടലംഘനങ്ങള്‍ ക്രമപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ മുഖം നോക്കാതെ ഒഴിപ്പിക്കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. എന്നാല്‍ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഇടുക്കി ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ നിലപാടെടുത്തു.

പത്ത് സെന്റും 1000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കില്‍ അനുമതി നല്‍കാമെന്ന് നിര്‍ദ്ദേശം വന്നെങ്കിലും വീണ്ടും സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് അതിപ്പോള്‍ 15 സെന്റും 1200 സ്‌ക്വയര്‍ ഫീറ്റ് നിര്‍മ്മാണവും എന്ന നിലയിലേക്ക് ഉയര്‍ത്താനും സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല. അതേസമയം കാലങ്ങളായി അവിടെ താമസിക്കുന്ന സാധാരണക്കാരെയും കര്‍ഷകരെയും പരിഗണിച്ച് കൊണ്ടാകണം കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളെന്നാണ് കക്ഷി ഭേദമില്ലാതെ സര്‍ക്കാരിന് മുന്നില്‍ വന്ന ആവശ്യം.

ഈ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന സൂചനയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് കിട്ടുന്നത്. കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കണമെങ്കില്‍ ആദ്യം പട്ടയങ്ങള്‍ ക്രമപ്പെടുത്തണം. കാലങ്ങളായി കൈവശമിരിക്കുന്ന വ്യാജ പട്ടയങ്ങളും രവീന്ദ്രന്‍ പട്ടയങ്ങളുമെല്ലാം ക്രമപ്പെടുത്തി കൊടുക്കുന്ന അവസ്ഥയും ഇത് വഴി ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button