KeralaLatest News

മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന നടപടികള്‍ ഇനി വേണ്ട; പരസ്യങ്ങളും ചിത്രങ്ങളും എഴുത്തും കര്‍ശനമായി വിലക്കി കോടതി ഉത്തരവ്

കൊച്ചി : കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയും കെയുആര്‍ടിസിയും പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കുന്നതു പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ടാകരുത്. സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ജനാലച്ചില്ലുകളില്‍ കാഴ്ച മറയ്ക്കും വിധം ഒട്ടിക്കലുകളോ കര്‍ട്ടനുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.

നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ച ബൈക്കിലെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ.എം. സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. യാന്ത്രികമായി സസ്‌പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിച്ചതിനാല്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടര്‍ വാഹന ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ കോടതി, ഡ്രൈവിങ് ചട്ടങ്ങള്‍ ഉള്‍പ്പെടെ കര്‍ശനമായി നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.

ഇന്‍ഡിക്കേറ്ററുകള്‍, സിഗ്‌നലിങ് സംവിധാനം, റിഫ്‌ലക്ടര്‍, ലാംപ്, പാര്‍ക്കിങ് ലൈറ്റ് എന്നിവ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ പൊതുനിരത്തിലിറക്കാന്‍ അനുവദിക്കരുത്. ഹെഡ് ലൈറ്റ്, ടെയ്ല്‍ ലൈറ്റ് എന്നിവയ്ക്കു മീതെ സ്റ്റിക്കറും മറ്റും പതിപ്പിച്ച് ഉപയോഗിക്കാന്‍ അനുവദിക്കരുത്. എല്‍ഇഡി ബാര്‍ ലൈറ്റുകളും സ്ട്രിപ് ലൈറ്റുകളും ഘടിപ്പിക്കരുത്. മതിയായ വെളിച്ചമില്ലാത്തിടത്ത് പാര്‍ക്കിങ് ലൈറ്റ് ഇല്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. എമര്‍ജന്‍സി ഡ്യൂട്ടിക്കുള്ള വാഹനങ്ങളിലൊഴികെ നീല, ചുവപ്പ്, വെള്ള ലൈറ്റുകള്‍ മീതെ ഘടിപ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.

ദേശീയപാതയില്‍ പരസ്യങ്ങള്‍ നിയന്ത്രിച്ചിട്ടും പലേടത്തും അവ കാണുന്നതിനാല്‍ കേന്ദ്ര മന്ത്രാലയം പരിശോധനാ റിപ്പോര്‍ട്ട് തേടിയതാണെന്ന് കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ല. വാഹനങ്ങളില്‍ ഓപ്പറേറ്ററുടെ വിലാസം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തും പരസ്യം പാടില്ലെന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button