KeralaLatest News

സപ്ലൈകോ നടത്തിയത് വന്‍ ക്രമക്കേട്; വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

കൊച്ചി : സപ്ലൈകോയും ഹെലിബറിയ ടീ എസ്റ്റേറ്റ് ലിമിറ്റഡും ചേര്‍ന്നു തേയില ലേലത്തില്‍ വന്‍ ക്രമക്കേടു നടത്തിയെന്ന ആരോപണത്തെക്കുറിച്ചു സപ്ലൈകോ വിജിലന്‍സ് വിശദമായി അന്വേഷിക്കും. ഹെലിബറിയ ടീ എസ്റ്റേറ്റ് ലിമിറ്റഡിനു കീഴിലുള്ള തോട്ടങ്ങളുടേതായി ലേലത്തിനെത്തിയ നിലവാരം കുറഞ്ഞ തേയില സപ്ലൈകോ കൂടിയ വിലയ്ക്കു വാങ്ങിയെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം.

സ്വന്തം തോട്ടങ്ങളിലോ ഫാക്ടറികളിലോ ഉല്‍പാദിപ്പിച്ച തേയില മാത്രമേ സ്വന്തം പേരില്‍ ലേലത്തിലൂടെ വില്‍ക്കാന്‍ പാടുള്ളൂ എന്ന ടീ ബോര്‍ഡിന്റെ വ്യവസ്ഥ മറികടന്ന് 3 എസ്റ്റേറ്റുകളും മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച നിലവാരം കുറഞ്ഞ തേയില സ്വന്തം പേരില്‍ വില്‍ക്കുന്നുവെന്നാണ് ആരോപണം. പീരുമേട്ടിലെ ശരാശരി വിലയെക്കാള്‍ കിലോഗ്രാമിനു 10 15 രൂപ കൂടുതല്‍ നല്‍കി ഈ എസ്റ്റേറ്റുകളില്‍ നിന്നു തേയില വാങ്ങുന്നുവെന്ന ആക്ഷേപമാണ് സപ്ലൈകോ നേരിടുന്നത്.

ഹെലിബറിയ ടീ എസ്റ്റേറ്റ്‌സ് ലിമിറ്റഡിനു കീഴിലുള്ള 3 തോട്ടങ്ങളെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു ടീ ബോര്‍ഡ് താല്‍ക്കാലികമായി വിലക്കിയെങ്കിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചു. ആരോപണങ്ങളെക്കുറിച്ച് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി ഈ മാസം 4നു ടീ ബോര്‍ഡിനു നിര്‍ദേശം നല്‍കിയിരുന്നു.

ഈ വര്‍ഷം ജനുവരി 2 മുതല്‍ ജൂണ്‍ 25 വരെ സപ്ലൈകോ ലേലത്തില്‍ വാങ്ങിയ തേയിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ചാണ് ആദ്യഘട്ട അന്വേഷണം. 9 തേയില വ്യാപാരികളുടെ (ടീ ബയേഴ്‌സ്) ഇടപാടുകളെക്കുറിച്ചും സപ്ലൈകോ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button