Latest NewsSports

കബഡി ഇന്ന് പഴയ കബഡിയല്ല; പുതിയ കാലത്തിന്റെ ഗ്ലാമര്‍ നിറഞ്ഞ് കളിക്കളം

കബഡി കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി കബഡി
വിജയം വരെയും പൊരുതിക്കയറും കളിയീ കബഡി
ഉടലും ഉയിരും ഉരുകിപ്പിടയും കളമീ കബഡി
തഞ്ചത്തില്‍ കൊടും വച്ചിട്ടഞ്ചാതോടി തൊട്ടേ കബഡി
കബഡി കബഡി ..
നെഞ്ചത്തില്‍ ശ്വാസം പോകാതാവേശത്തിനോളം തല്ലും കബഡി
കബഡി കബഡി ..
എതിരിടുമവരുടെ അടവുകളിടറണ ചുവടൊടു
ചൊടിയോടു പൊരുതുക വീഴാതെ ..

കബഡിയുടെ ആവേശം അലതല്ലുന്ന ഗാനം… ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തില്‍ ഹരിനാരായണന്‍ എഴുതി രഞ്ജിത്ത് ഗോവിന്ദ് ആലപിച്ച ഈ ഗാനം മൂളാത്ത കബഡി പ്രേമികള്‍ ഉണ്ടാകില്ല. മൈതാനത്തിലും ചെളി നിറഞ്ഞ പാടത്തും പുഴയോരത്തുമൊക്കെ കബഡി കളിച്ച് ഹീറോയായവര്‍ക്ക് ഉടലും ഉയിരും ഉരുകിപ്പിടയും കളം തന്നെയാണത്.

KABADI
KABADI

എന്നാല്‍, കബഡി ഇപ്പോള്‍ പഴയ കബഡിയല്ല. പാടത്തെ ചെളിപുരണ്ട ശരീരവുമായി വിയര്‍പ്പില്‍ മുങ്ങി നില്‍ക്കുന്ന പഴയ ആ തടിയന്മാരല്ല ഇന്നത്തെ കബഡി കളിക്കാര്‍. ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ പോലെ കബഡിക്കും ഇന്ന് ഇത്തിരി ഗ്ലാമര്‍ പരിവേഷമുണ്ട്. പ്രോ കബഡി, കബഡി എന്ന കായിക വിനോദത്തിന്റെ തലവിധി തന്നെ മാറ്റിയിരിക്കുന്നു. കബഡിയാരവങ്ങള്‍ നിറഞ്ഞ ആ ഓര്‍മ്മകള്‍ക്ക് അധികകാലത്തെ പഴക്കം ഒന്നും ഇല്ല. ഒഴിഞ്ഞ പറമ്പുകളിലും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും മണല്‍വിരിച്ച പുഴയോരങ്ങളിലും കബഡി അരങ്ങുതകര്‍ത്താടിയ കാലം. പിന്നെ അതിത്തിരി പുരോഗതി കൈവരിച്ചു. പാടങ്ങള്‍ക്ക് പകരം ചാണകം മെഴുകിയ കോര്‍ട്ടില്‍ കുമ്മായം കൊണ്ട് കളങ്ങള്‍ വരഞ്ഞായി പിന്നീടുള്ള കബഡി മത്സരങ്ങള്‍. അന്ന് നാട്ടിന്‍ പുറത്തെ യുവാക്കളെ സംബന്ധിച്ചിടത്തോളം കബഡി ഒരു മത്സരം മാത്രമല്ല, ആഘോഷം തന്നെയായിരുന്നു. വീറും വാശിയും കായിക ബലവും നാലാളെ കാണിക്കാനുള്ള ഒരു വേദി. കപ്പുയര്‍ത്തി നാട്ടുകാര്‍ക്ക് മുന്നില്‍ ഹീറോയാകാനുള്ള ഒരു ചാന്‍സ്. ക്യാച്ചറിനും റൈഡറിനുമൊക്കെ കാണികളുടെ മനസില്‍ അന്ന് താരപരിവേഷമായിരുന്നു. കൈത്തണ്ട തുടയിലിടിച്ച് കബഡിക്കബഡി എന്നോ കബാച്ചി കബാച്ചി എന്നോ നീട്ടിവിളിച്ച് റൈഡര്‍മാരുടെ ഒരു പോക്കുണ്ട്. എതിര്‍ കോര്‍ട്ടില്‍ ചെന്നുള്ള ആ നില്‍പ്പ് തന്നെ കാണികളില്‍ ആവേശത്തിന്റെ പൂത്തിരി കത്തിക്കും. പിന്നെ ഓരോ നിമിഷവും നിര്‍ണായകമാണ്. എതിരാളിയുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ച് ഇമചിമ്മാത്ത റൈഡറുടെ കണ്ണുകള്‍. ചില റെയ്ഡര്‍മാരുടെ ചടുല നീക്കങ്ങള്‍ക്ക് നൃത്ത ഭംഗിയാണ്. ശ്വാസം വിടുന്നതുവരെ കബഡിയെന്ന് ഉരുവിട്ട് എതിര്‍ കോര്‍ട്ടില്‍ തലങ്ങും വിലങ്ങും പാഞ്ഞ് വിറപ്പിക്കും. ഈ പാച്ചിലിനിടയില്‍ ആരെയെങ്കിലും ഒന്ന് തൊടാനായി ശ്രമിക്കുകയും ചെയ്യും. ഈ നേരമത്രയും ക്യാച്ചര്‍മാരുടെ കണ്ണുകള്‍ റൈഡറുടെ കാലില്‍ തന്നെയായിരിക്കും. ആ കണങ്കാലില്‍ പിടിച്ച് പിറകിലേക്ക് വലിച്ചിടാനുള്ള വ്യഗ്രത ക്യാച്ചര്‍മാരുടെ കണ്ണുകളില്‍ തത്തിക്കളിക്കുന്നത് അപ്പോള്‍ കാണാം. ആക്രമിക്കാന്‍ വന്ന റൈഡറെ തന്ത്രപൂര്‍വ്വം കുടുക്കി റൈഡറുടെ മേലെ കയറിയിരുന്ന് ക്യാച്ചര്‍മാരുടെ ആര്‍പ്പുവിളി… അതിനൊന്നും പകരം വയ്ക്കാന്‍ മറ്റൊന്നും പേരെന്നാണ് കബഡി പ്രേമികളുടെ വിലയിരുത്തല്‍. കരുത്തിനൊപ്പം തന്ത്രവും കൗശലവും വേഗതയും ഒന്നാകുന്ന കബഡി ആവേശത്തിന്റെ കാര്യത്തില്‍ ക്രിക്കറ്റിനെയും ഫുഡ്ബോളിനെയുമൊക്കെ കടത്തിവെട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

KABADI
KABADI

 

പക്ഷെ ഇന്ന് കബഡിയാകെ മാറി. കാലത്തിന്റെ മാറ്റങ്ങള്‍ ഇന്ത്യയുടെ സ്വന്തം കായിക വിനോദമായ കബഡിക്കും കൈവന്നു. കൊയ്ത്തൊഴിഞ്ഞ വയലുകളില്‍ നിന്നും പൂഴി നിറഞ്ഞ പുഴയോരങ്ങളില്‍ നിന്നും കബഡി നഗരങ്ങളിലേക്കും കുടിയേറി. കടുത്ത തറയില്‍ കുമ്മായം വരച്ച് കോര്‍ട്ടുകളുണ്ടാക്കി. വേലികെട്ടി വേര്‍തിരിച്ച അതിര്‍ത്തികളില്‍ കബഡി കോര്‍ട്ടും കളിക്കാരും. അതിര്‍ത്തിക്കപ്പുറത്ത് ആര്‍പ്പുവിളിയുമായി ആവേശത്തിരമാലകളായി കബഡി പ്രേമികള്‍. വളഞ്ഞുപിടിച്ച ക്യാച്ചര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ കൈകാലുകളിട്ടടിച്ച് നുഴഞ്ഞ് രക്ഷപ്പെട്ട് വിജയശ്രീലാളിതനായി സ്വന്തം കോര്‍ട്ടില്‍ തിരിച്ചെത്തുന്ന റൈഡര്‍മാര്‍ വീര ജേതാവിനെപ്പോലെ ഇരുകൈകളുമുയര്‍ത്തി തുള്ളിച്ചാടുന്ന ആ നാട്ടിന്‍പുറത്തെ കാഴ്ചകള്‍ ഇന്ന് മാഞ്ഞിരിക്കുന്നു. ഇന്ന് കോര്‍ട്ടുകളുടെ രൂപം മാറി. റബ്ബര്‍ മാറ്റുകള്‍ വിരിച്ച് വെളുത്ത സ്റ്റിക്കറൊട്ടിച്ച് കളമുണ്ടാക്കി അതിലായി പിന്നെ കബഡി. തലകുത്തിവീണാലും ചോര പൊടിയാത്ത കോര്‍ട്ടുകള്‍. സര്‍ക്കസുകാരന്റെ മെയ് അഭ്യാസത്തോടെ കുതറിച്ചാടി കളത്തില്‍ നിറഞ്ഞുകളിക്കുമ്പോള്‍ പുതിയ രൂപത്തിലുള്ള കബഡി കോര്‍ട്ടുകള്‍ കളിക്കാരന് തുണയായി. റൈഡര്‍മാരുടെ സമയപരിധി 30 സെക്കന്റായി നിശ്ചയിക്കപ്പെട്ടു. 20 സെക്കണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും ബാക്കി 10 സെക്കണ്ട് മാത്രമേ ഉള്ളൂവെന്ന് ഓരോ സെക്കണ്ടും മുഴക്കത്തോടെ അറിയിക്കുന്ന ടൈമറുകള്‍ കൂടി സ്‌കോററുടെ മേശയില്‍ ഇടംപിടിച്ചതോടെ കളിക്കാരന് ‘സൗകര്യം’ പിന്നെയും വര്‍ദ്ധിച്ചു.

ഇന്ന് കബഡി അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ ദൃശ്യവത്കരിക്കപ്പെട്ടു. വിവിധ വര്‍ണങ്ങളിലെ ജഴ്സികളും ബൂട്ടുകളുമണിഞ്ഞ പടയാളികള്‍ ഓരോ സംഘത്തിനുവേണ്ടിയും കളത്തിലിറങ്ങുന്നു. കോര്‍ട്ടുകള്‍ നിറമുള്ള വിരിപ്പുകളാല്‍ മൃദുലമാക്കപ്പെട്ടു. ഫല്‍ഷ് ബള്‍ബുകളും എണ്ണമറ്റ ക്യാമറകളും പശ്ചാത്തലത്തെ ഹൈടെക്കാക്കി. നിറഞ്ഞ ഗ്യാലറിയില്‍ കാണികള്‍ ആവേശത്തോടെ കാത്തിരിക്കുന്നു. അള്‍ട്രാ സ്ലോ മോഷന്‍ ഉള്‍പ്പെടെയുള്ള ക്യാമറകള്‍ മത്സരക്കളത്തിനു ചുറ്റും സ്ഥാപിക്കപ്പെട്ടു. താരങ്ങളുടെ സൂഷ്മ ചലനങ്ങള്‍പ്പോലും അങ്ങനെ പ്രേക്ഷകരുടെ കണ്ണിലെത്തി. ആരാധകരെ കബഡിയുടെ മായിക ലോകത്തേക്ക് വലിച്ചടുപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയാണ് ഇന്ന് ഓരോ കളിയും അരങ്ങേറുന്നത്. പ്രൗഢവും ശ്രേഷ്ഠവുമായ പാരമ്പര്യമുണ്ട് ഭാരത കബഡിക്ക്. അഞ്ച് ലോകകപ്പുകളിലെ ജേതാക്കള്‍, ആറ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണങ്ങള്‍, എട്ട് സാഫ് കിരീടങ്ങള്‍. എന്നിട്ടും നമ്മള്‍ കബഡിയെ ഇതുവരെ കാര്യമായെടുത്തില്ല. ഇനിയതു മാറുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. നിലവില്‍ 32 രാജ്യങ്ങളില്‍ പ്രൊഫഷണല്‍ കബഡി കളിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button