Latest NewsKerala

മഴ ശക്തി പ്രാപിക്കുന്നു; നാളെ ഈ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: കനത്ത കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23) അവധി. ജില്ലയില്‍ പല ഭാഗത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറിയിട്ടുണ്ട്. മധുര്‍ മേഖലയില്‍ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കട്‌ല, കാഞ്ഞങ്ങാട്, നീലേശ്വരം,ചെറുവത്തൂര്‍ മേഖലകളിലെല്ലാം കനത്ത മഴ തുടുകയാണ്. ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് മഴയ്ക്ക് ശക്തി കൂടി. അതിനാല്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണ്.

അതേസമയം കോഴിക്കോട് , കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു. എറണാകുളം, പാലക്കാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ ശക്തമായത്. കണ്ണൂരില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയില്‍ പാലക്കാട് നെല്ലിയാമ്പതി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റാഫ് റൂമിന്റെ ചുമര്‍ തകര്‍ന്നു വീണു.

കോഴിക്കോട് നാദാപുരം ചേലക്കാട് മിനി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്‌സ് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. എലത്തൂരില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ മലയോര മേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തീരദേശത്ത് കടല്‍ ക്ഷോഭഭീഷണിയുമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ട് നിറഞ്ഞതോടെ നിരവധി കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button