Latest NewsKeralaIndia

മക്കൾ തെറ്റുചെയ്താലും, അവരെ കുറിച്ച് മോശമായി കേട്ടാലും, വാളെടുത്ത് വെളിച്ചപ്പാടായി മാറുന്നതിന് മുമ്പ്, അവർക്ക് പറയാനുള്ളത് പറയാനുള്ള അവസരം നൽകുക, മാതാപിതാക്കളോട് ഉപദേശവുമായി ജോമോൾ ജോസഫ്

തിന്നാനായി തരുന്ന ഭക്ഷണത്തിന് പോലും കണക്കുകൾ വന്നു തുടങ്ങി, കഴുത്തിൽ കിടന്ന സ്വർണമാല വലിച്ചുപറിച്ചെടുക്കുന്നു, കമ്മൽ ഞാനായിത്തന്നെ ഊരിനൽകുന്നു.

മാതാപിതാക്കൾ മക്കളെ കേൾക്കാതെ മറ്റുള്ളവർ പറയുന്നത് മാത്രം കേട്ട് പ്രവർത്തിക്കുന്നതിന്റെ പരിണിത ഫലം സ്വന്തം അനുഭവത്തിൽ നിന്ന് വ്യക്തമാക്കി ജോമോൾ ജോസഫ്. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ, വീടുവിട്ട് ഇറങ്ങേണ്ടിവരുന്ന പെൺകുട്ടികൾ..

പലപ്പോഴും പ്രണയത്തേക്കാളുപരിയായി ആൺ പെൺ സൗഹൃദങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ പ്രണയത്തിന് യാതൊരു ഇടവും ഉണ്ടാകാറില്ല. എന്നാൽ പെൺ-പെൺ സൗഹൃദങ്ങളും ആൺ-ആൺ സൗഹൃദങ്ങളും മാത്രം കണ്ടുശീലിച്ച പൊതുസമൂഹത്തിന് ആൺ-പെൺ സൗഹൃദങ്ങളെ അംഗീകരിക്കാൻ സാധിക്കണമെന്നില്ല. ആണും പെണ്ണും കൂടിയാൽ അവിടെ പ്രണയത്തിനും ലൈംഗീകതക്കും മാത്രമേ സാധ്യതയുള്ളൂ എന്ന ധാരണ പൊതുസമൂഹത്തിൽ ആഴത്തിൽ വേരുപിടിച്ചിരിക്കുന്നു. ഇത്തരം പല സൗഹൃദങ്ങളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇങ്ങനെ തെറ്റിദ്ധരിക്കുന്ന സൗഹൃദങ്ങളുടെ ഫലമായി, പലപ്പോഴും ആ പെൺകുട്ടിയുടെ നാട്ടുകാരുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഒക്കെ ചർച്ചയായി അവസാനം അവളുടെ വീട്ടിലും ചർച്ചയാകുകയോ വിഷയമാകുകയോ പ്രശ്നമാകുകയോ ചെയ്യാറുണ്ട്. അത്തരം സാഹചര്യത്തിലൊന്നും, അവളുടെ വീട്ടുകാർ അവളെ കേൾക്കാനോ, അവളെ വിശ്വസിക്കാനോ തയ്യാറാകാതെ അവളെ പ്രതിസ്ഥാനത്ത് നിർത്തുന്ന അവസ്ഥ വരികയും, വീട്ടുകാരാലും ബന്ധുക്കളാലും നാട്ടുകാരാലും ഒറ്റപ്പെടുത്തപ്പെടുത്തൽ നേരിടേണ്ടിവരുന്ന അവൾ അവസാനം അവളുടെ സുഹൃത്തിനെ തന്നെ അഭയത്തിനായി സമീപിക്കേണ്ട അവസ്ഥ വന്നുചേരാം.

ഒരു സുഹൃത്തിൽ നിന്നും ജീവിത പങ്കാളിയിലേക്കുള്ള ആ മാറ്റം ചിലപ്പോൾ വിജയം വരിക്കുകയും, മറ്റുചിലപ്പോൾ നല്ല സുഹൃത്തുക്കളായിരുന്ന വ്യക്തികൾക്ക് നല്ല ജീവിതപങ്കാളികളാൻ കഴിയാതെ വന്ന് അവളുടെ/അവരുടെ ജീവിതത്തിൽ പ്രശ്നങ്ങളുടെ അടുത്ത ഘട്ടം ആരംഭിക്കുകയും ചെയ്യാം.

ഇത്തരമൊരു ജീവിതാനുഭവവും ജീവിത കാലവും എനിക്കുണ്ടായിട്ടുണ്ട്..

പ്ലസ് ടൂ തീരാറായ സമയം. അന്നൊക്കെ നാട്ടിൽ ഫേമസായ ഒരു ബസുണ്ട്, ലാവണ്യ. ആ ബസിനെ കുറിച്ചും ആ ബസിലെ ജീവനക്കാരെ കുറിച്ചും വളരെ നല്ല മതിപ്പും അഭിപ്രായവുമായിരുന്നു എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും. ഞാൻ ആ ബസിനായിരുന്നു യാത്രചെയ്തിരുന്നത്. പ്ലസ്ടൂ കഴിഞ്ഞ് ഡെന്റൽ കോഴിസിനായി പോയിവന്നിരുന്നതും അതേ ബസിൽ തന്നെ. ജീവനക്കാരുമായി വളരെ നല്ല സൗഹൃദം രൂപപ്പെടുന്നു. സ്വാഭാവികമായും അതേ സൗഹൃദം തന്നെ ആ ബസിന്റെ ഡ്രൈവറുമായും ഉണ്ടാകുന്നു. സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിലും ഫോൺ ചെയ്യുന്നതിലും യാതൊരു അസ്വാഭീവകതയും ഞാൻ കണ്ടിരുന്നില്ല. അന്ന് ക്രിസ്ത്യൻ യുവജവനസംഘടനയിലെ ചേട്ടൻമാർ മുഴുവനും എന്റെ നല്ല സുഹൃത്തുക്കൾ തന്നെയായിരുന്നു.

എന്നാൽ ദിവസവും യാത്രചെയ്യുന്ന ബസിലെ ഡ്രൈവറുമായുള്ള സൗഹൃദത്തിന് വേറേ ചില മാനങ്ങൾ ചിലർ കൽപ്പിച്ചു നൽകുന്നു. അതേ ഭാവനാസൃഷ്ടികൾ വീട്ടിൽ അമ്മയുടെ ചെവിയിലേക്കും എത്തുന്നു. പൊടിപ്പും തൊങ്ങലും വെച്ച് അമ്മക്ക് കിട്ടിയ കഥകൾ അപ്പിച്ചിയിലേക്ക് (എന്റെ അപ്പനെ ഞാൻ അപ്പിച്ചി എന്നാണ് വിളിക്കുന്നത്). അതുവരെ കൂട്ടുകാരെപ്പോലെ പോലെ കഴിഞ്ഞിരുന്ന അപ്പിച്ചി, എന്താണ് സത്യം എന്ന് ചോദിക്കാൻ പോലും തയ്യാറാകാതെ എന്നെ അങ്ങേയറ്റം ക്രൂരമായി ആക്രമിക്കുന്നു. അതിലപ്പുറമായിരുന്നു അമ്മയുടെ ആക്രമണങ്ങൾ.

ഈ ആക്രമണത്തിനും, മനസ്സിൽ ആഴത്തിൽ മുറിവുകളേൽപ്പിക്കുന്ന വാക്കുകൾക്കുമിടയിൽ ഒരു തവണ പോലും, എന്താണ് എനിക്ക് പറയാനുള്ളത് എന്ന് കേൾക്കാനായി ഒരു പത്തുമിനിറ്റ് എന്റെ അപ്പനും അമ്മയും എനിക്കായി നീക്കിവെച്ചിരുന്നു എങ്കിലെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്. രണ്ടാഴ്ചയോളം മുറിയിൽ നിന്നും പുറത്തിറങ്ങാതെ എനിക്ക് കഴിയേണ്ടിവന്നു. അതിനിടയിൽ തിന്നാനായി തരുന്ന ഭക്ഷണത്തിന് പോലും കണക്കുകൾ വന്നു തുടങ്ങി, കഴുത്തിൽ കിടന്ന സ്വർണമാല വലിച്ചുപറിച്ചെടുക്കുന്നു, കമ്മൽ ഞാനായിത്തന്നെ ഊരിനൽകുന്നു.

കുടി നിർത്തിയിട്ട് വർഷങ്ങളായ അപ്പിച്ചി കുപ്പിയും വാങ്ങി വന്ന് കുടി തുടങ്ങുന്നു. എന്റെ ‘ഭാവനാ കാമുകനെ’ കൊന്നുതള്ളാനായി കത്തി പണിയിച്ച് വെക്കുന്നു. അതിനിടയിൽ വീട്ടിൽ നിന്നും ഇറക്കിവിടുന്നതിന് സമമായ അവസ്ഥവരുന്നു, ആ അവസ്ഥയിൽ ബന്ധുക്കൾ വന്ന് തറവാട്ടുവീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു, ഒന്നുരണ്ടുദിവസം അവിടെ നിർത്തിയ ശേഷം ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിലേക്ക്. അവിടെ ഒരു മാസം!! ധ്യാനകേന്ദ്രത്തിലെ അവസാന നാളുകളിൽ അപ്പനേയും അമ്മയേയും അവിടെ ധ്യാനത്തിനായി വിളിച്ചുവരുത്തി, ധ്യാനം കഴിഞ്ഞ് അപ്പച്ചി വന്ന് മാപ്പ് പറയുന്നു, വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നു.

പക്ഷേ ചില മുറിവുകളും മനസ്സിന്റെ വേദനകളും പെട്ടന്ന് ഉണങ്ങില്ല, യാതൊരു തെറ്റും ചെയ്യാത്ത, അന്നേവരെ ഒരാളുമായി പോലും പ്രണയത്തിൽ പെടാതിരുന്ന എന്നെ തെറ്റിദ്ധരിച്ചതിലും, അതുവരെ വീട്ടിലെ മുത്തായിരുന്ന എന്നെ ആരുമല്ലാതാക്കി മാറ്റിയതിലും, നേരിട്ട ശാരീരിക മാനസീക ആക്രമണങ്ങളും ഒക്കെ എന്റെ മനസ്സിന്റെ താളവും, മകൾ വഴിതെറ്റാൻ കാരണമായി എന്ന് കരുതുന്ന വ്യക്തിയെ കൊല്ലാനായി മനസ്സിൽ കരുതിയുറപ്പിച്ച അപ്പിച്ചിയും!! അങ്ങനെ ആകെ താളം തെറ്റിയ വീടായി മാറിയിരുന്നു എന്റെവീട്. അതുവരെയുണ്ടായിരുന്ന സകല താളവും ആ വിടിനും വീട്ടിലുള്ളവർക്കും നഷ്ടപ്പെട്ടിരുന്നു. പരസ്പരവിശ്വാസം നഷ്ടപ്പെട്ടവർക്കിടയിൽ എന്ത് താളം ഉണ്ടാകാനാണ്?

ഞാൻ കാരണം ഒരു മനുഷ്യൻ കൊല്ലപ്പെടരുത് എന്നും എന്റെ അപ്പിച്ചി ഒരു കൊലയാളി ആകരുതെന്നും ഉള്ള തീരുമാനത്തോടൊപ്പം, യാതൊരു തെറ്റും ചെയ്യാത്ത എനിക്ക് മാനസീകമായും ശാരീരികമായും നേരിടേണ്ടിവന്ന ആക്രമണങ്ങളോടും തള്ളിപ്പറയലുകളോടും ഉപ്പം, എന്റെയുള്ളിലുള്ള വാശിയും ദേഷ്യവും സങ്കടവും കൂടിച്ചേരുകയും, എന്റെ വീട്ടിൽ ഞാൻ ആരുമല്ലാതായ അവസ്ഥ ഉണ്ടാകുകയും ചെയ്തപ്പോൾ ആ വീട് വിട്ടിറങ്ങി നാട്ടുകാരിൽ ചിലരുടേയും എന്റെ വീട്ടുകാരുടേയും മനസ്സിലെ ‘ഭാവനാകാമുകനോടൊപ്പം’ പോകുകയായിരുന്നു ഞാൻ.

ഞാൻ പോയ പുറകെ ഹേബിയസ് കോർപസ് പരാതിയുമായി വീട്ടുകാർ കോടതിയെ സമീപിക്കുന്നു, ഞാൻ വായിച്ചുകേൾക്കുക പോലും ചെയ്യാത്ത; ‘ഞാൻ പോലീസിന് കൊടുത്ത മൊഴിയിൽ’ നിറയെ വീട്ടുകാർക്കെതിരായ കുറ്റപത്രം കുത്തിനിറച്ച് എന്നെ കോടതിയിൽ ഹാജരാക്കുന്നു, അവിടെ വെച്ച് ‘ഭാവനാ കാമുകൻ’ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിലിലാതിരിക്കാൻ വേണ്ടി ‘കാമുകനോടൊപ്പം’ തന്നെ പോയാൽ മതിയെന്ന് കോടതിയോട് പറയേണ്ടിവരുന്ന അവസ്ഥയും ജീവത്തിൽ ആദ്യം!!

ഇത്രയും സംഭവബഹുലമായ ദിവസങ്ങൾക്കും ആഴ്ചകൾക്കും മാസങ്ങൾക്കും ഇടയിലെപ്പോഴെങ്കിലുമോ, അതോ പ്രണയത്തിലാണ് മകളെന്ന വാർത്ത അറിഞ്ഞ നിമിഷമോ എനിക്കായി അപ്പിച്ചി ഒരു പത്തുമിനിറ്റ് മാറ്റിവെച്ചിരുന്നു എങ്കിൽ, എനിക്ക് പറയാനുള്ളത് അപ്പിച്ചി കേട്ടിരുന്നു എങ്കിൽ, എന്റെ വാക്കുകളിൽ സത്യത്തിന്റെ അംശമുണ്ടെന്ന് അപ്പിച്ചിക്ക് സ്വയം ബോധ്യപ്പെട്ടിരുന്നു എങ്കിൽ, അതേവരെ എന്നെ തലയിൽ വെച്ചുകൊണ്ട് നടന്നിരുന്ന, അതുവരെ എന്നെ തല്ലിയിട്ടില്ലാത്ത, അതുവരെ എന്നെ ചീത്തവിളിച്ചിട്ടില്ലാത്ത (അതിനുള്ള സാഹചര്യം ഞാനുണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം) അപ്പിച്ചിക്ക് അതൊന്നും ജീവിതത്തിൽ ഒരിക്കലും വേണ്ടിവരില്ലായിരുന്നു. മാത്രമല്ല ആ വീട്ടിൽ കാലുഷ്യത്തിന്റെ ഒരു സെക്കന്റ് പോലും ഉണ്ടാകുകയും ചെയ്യുകയില്ലായിരുന്നു. ആ വീടിന്റെ പടികളിറങ്ങി തിരിഞ്ഞുപോലും നോക്കാതെ എനിക്ക് പോരേണ്ടിവരില്ലായിരുന്നു..

പക്ഷെ ഇതുകൊണ്ടൊക്കെ എനിക്ക് നല്ലതുമാത്രമേ ഉണ്ടായിട്ടുള്ളൂ, ഇന്നത്തെ എന്റെ ജീവിതത്തിന് കാരണം ആ ആറേഴ് വർഷങ്ങളുടെ ദുരിതത്തിലൂടെ കടന്ന് വന്നതിന് ശേഷം ഞാൻ നേടിയതാണ്. ഇന്ന് ഞാൻ സ്വതന്ത്രവ്യക്തിയായി ജീവിക്കുന്നതിന് പിന്നിൽ, ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ, എന്റെ ചിന്തകൾക്ക് പിന്നിൽ, ഞാനെഴുതുന്ന ഓരോ അക്ഷരങ്ങൾക്കും വാക്കുകൾക്കും പിന്നിൽ, എന്നെ ഞാനാക്കിമാറ്റിയതിന് പിന്നിൽ ആ ആറേഴ് വർഷങ്ങളുടെ ദുരിതപർവ്വം തന്നെയാണ്. ആരോടും വാശിയില്ല, പിണക്കമില്ല, എല്ലാവർക്കും നല്ലത് വരണമെന്ന ആഗ്രഹം മാത്രം..

ഇനി പറയാനുള്ളത് മാതാപിതാക്കളോടാണ്

മക്കൾ തെറ്റുചെയ്താലും, അവരെ കുറിച്ച് മോശമായി കേട്ടാലും, വാളെടുത്ത് വെളിച്ചപ്പാടായി മാറുന്നതിന് മുമ്പ്, അവരെ അടുത്ത് വിളിച്ചിരുത്തി അവർക്ക് പറയാനുള്ളത് പറയാനുള്ള അവസരം നൽകുക. അവരെ കേൾക്കാൻ മനസ്സുകാണിക്കുക. അവർക്ക് തെറ്റുപറ്റിയാൽ പോലും ആ തെറ്റ് നിങ്ങളോട് തുറന്നുപറയാനുള്ള സ്പേസ് അവർക്ക് കൊടുക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ, അവരുടെ കൂടെ കൈപിടിച്ച് നിന്നാൽ അവർക്ക് തെറ്റുകൾ തിരുത്തി ശരിയുടെ വഴിയേ തിരികെവരാനുള്ള ധൈര്യവും ആർജ്ജവവും നിങ്ങൾ പോലും അറിയാതെ അവർക്ക് ലഭിക്കും.

അവരെ ഉടമസ്ഥാവകാശത്തോടുകൂടി സമീപിക്കാതെ അവരെ ചേർത്തുനിർത്തിയാൽ, അവർക്ക് മനസ്സുതുറക്കാനായി നിങ്ങളേക്കാൾ യോജ്യരായി വേറാരും കാണില്ല ഈ ലോകത്ത്. ഒരു പ്രണയം സംഭവിച്ചു എന്നതോ, അവർ പ്രണയത്തിലാണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു എന്നതോ മക്കൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വീടുകളുടെ പടികളിറങ്ങാനുള്ള ഒരു കാരണമായി മാറാതിരിക്കട്ടെ..

നബി – ഒരു പെൺകുട്ടിക്കും വീടുവിട്ട് ഇറങ്ങേണ്ട അവസ്ഥ വരാതിരിക്കട്ടെ..
#My_Life_and_My_Experiences

shortlink

Related Articles

Post Your Comments

Related Articles


Back to top button