Latest NewsIndia

വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും; നിയമ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസും ജെഡിഎസും

കര്‍ണാടകയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്പീക്കര്‍ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. സ്വതന്ത്ര എം.എല്‍.എ മാരുടെ ഹരജിക്ക് മറുപടി ആയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിക്കുക . സര്‍ക്കാര്‍ താഴെ വീണെങ്കിലും എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും നിയമപ്പോരാട്ടം തുടരുമെന്നാണ് സൂചന.

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട (99 – 105) മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ചു. കോണ്‍ഗ്രസ് ദള്‍ സഖ്യത്തിലെ 15 എംഎല്‍എമാര്‍ രാജി നല്‍കിയതോടെ ആരംഭിച്ച രാഷ്ട്രീയനാടകത്തിനൊടുവില്‍ ഇന്നലെ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പും ശ്രദ്ധേയമായി. കര്‍ണാടകയില്‍ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കണം എന്നായിരുന്നു സ്വതന്ത്ര എം.എല്‍.എമാരായ എച്ച്. നാഗേഷും ആര്‍. ശങ്കറും സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം . ഇന്നലെ വിശ്വാസ വോട്ടെടുപ്പ് നടന്ന തോടെ ഈ ഹരജി അപ്രസക്തമായി.

എങ്കിലും ഇന്ന് നിശ്ചയിച്ച പ്രകാരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കും. ഈ സമയം, വിശ്വാസ വോട്ടെടുപ്പ് നടന്ന കാര്യവും ഫലം അടക്കമുള്ള വിശദാംശങ്ങളും സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ അഭിഭാഷകന്‍ മുഖേനെ സുപ്രിം കോടതിയെ അറിയിക്കും. ഇതോടെ, സ്വതന്ത്ര എം.എല്‍.എമാരുടെ ഹരജി കലഹരണപ്പെട്ടെന്ന് വിലയിരുത്തി കോടതി കേസ് അവസാനിപ്പിക്കാനാണ് സാധ്യത. അതേസമയം, കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ ഉടനെ അവസാനിക്കാനിടയില്ല.

വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും ജെ.ഡി.എസുമുള്ളത്. അത് കൊണ്ട് തന്നെ, ബുധനാഴ്ചത്തെ വിധിയിലെ വിപ്പ് സംബസിച്ച നിര്‍ദേശത്തില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹരജിയുമായി ഇരുപാര്‍ട്ടികളും മുന്നോട്ടുപോകാനിടയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കനുസരിച്ച് പുതിയ ഹരജി സമര്‍പ്പിച്ച് നീങ്ങാനാണ് മറ്റൊരു സാധ്യത. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കോണ്‍ഗ്രസ് അപ്രതീക്ഷിത നീക്കത്തിലൂടെ ജനതാദളുമായി (എസ്) സഖ്യമുണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button