KeralaLatest News

ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന മദ്യപിച്ചതിനുള്ള തെളിവല്ലെന്ന് ഹൈക്കോടതി; കാരണം ഇതാണ്

കൊച്ചി: ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് മാത്രം നടത്തുന്ന പരിശോധനയിലൂടെ മദ്യപിച്ച കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഊതിച്ച് നോക്കി മാത്രം കേസെടുത്താല്‍ കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റം ചുമത്തി കൊല്ലം തലവൂര്‍ സ്വദേശികളായ മൂന്നുപേരുടെ പേരില്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.

2018ലെ സമാനമായ കേസിലെ വിധി വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ഹൈകോടതിയുടെ ഈ നിരീക്ഷണം. ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാന്‍ പാടുള്ളൂ എന്നായിരുന്നു അന്ന് വൈക്കം സ്വദേശിയുടെ കേസില്‍ കോടതി വിധിച്ചിരുന്നത്. ചില മരുന്നുകള്‍ക്ക് ആല്‍ക്കഹോളിന്റെ ഗന്ധമുണ്ടെന്നും ആല്‍ക്കോമീറ്റര്‍ പരിശോധനയിലും ഇതു വ്യക്തമാകില്ലെന്നുമാണ് 2018ല്‍ ഈ വിധിയില്‍ കോടതി വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ ആല്‍ക്കോമീറ്റര്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലും കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും രക്തപരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ച് പരിശോധന ഉറപ്പിച്ചാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ എന്നും ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നിക്കോട് പൊലീസ് കേസെടുത്തതെന്നായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതിയിലെത്തിയ തലവൂര്‍ സ്വദേശികളായ പരാതിക്കാര്‍ വാദിച്ചത്. പുനലൂര്‍ ഡിവൈഎസ്പിയും കേസിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി ഹൈക്കോടതിയിലെത്തിയത്.

എന്നാല്‍ ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം വാഹന പരിശോധനയിലുള്‍പ്പെടെ പൊലീസിന് വന്‍ തിരിച്ചടിയാകും. മദ്യപിച്ചെന്ന് സംശയമുള്ളവരെ ഊതിച്ച് പരിശോധിച്ച ശേഷം പെറ്റിക്കേസെടുക്കുകയാണ് സാധാരണ ചെയ്യുന്നത്. അഥവാ ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ തന്നെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങാറുണ്ടെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button