MollywoodLatest NewsKerala

ചലച്ചിത്ര നിരൂപണം: – ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ

സബിൻ ശശി

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും, സംവിധാനവും നിർവ്വഹിച്ച “ചില ന്യൂജെൻ നാട്ടു വിശേഷങ്ങൾ” എന്ന സിനിമ ഇന്ന് തീയറ്ററിലെത്തി.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ രണ്ടു മണിക്കൂർ സിനിമ പ്രേഷകരെ മടുപ്പില്ലാതെ കുറേ ജീവിത വിശേഷങ്ങളിലൂടെ കൈയ് പിടിച്ചു കൊണ്ടു പോകുക തന്നെ ചെയ്തു. രണ്ടു മണിക്കൂർ നമ്മൾ ഒരു തീയറ്ററിൽ സിനിമ കാണുകയാണെന്ന ചിന്ത ഒരിക്കൽപോലും നമുക്ക് അനുഭവപ്പെടില്ല എന്നു തന്നെ പറയാം. യഥാർത്ഥത്തിൽ രണ്ടു മണിക്കൂർ നമ്മൾ ഒരു ജീവിതത്തിലൂടെ യാത്ര ചെയ്യുകയാണ്. ആ യാത്രയിൽ പ്രണയവും, പാട്ടും, പൊട്ടിച്ചിരിയും, വൈകാരിക മുഹൂർത്തങ്ങളും എല്ലാം ഉണ്ടായിരുന്നു. സിനിമ എന്ന കലാരൂപത്തിന്റെ യാന്ത്രികതയുടെ ചരടു പൊട്ടിച്ച് ജീവിത ഗന്ധിയായ ഒരു പ്രമേയം ആസ്വാദ്യകരവും, രസകരവുമായി അവതരിപ്പിക്കുന്നതിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ വിജയിച്ചു എന്ന് നിസംശയം പറയാം.

പ്രണയമെന്ന ദിവ്യാനുഭവത്തെ അക്ഷര കൂട്ടങ്ങൾകൊണ്ട് ശ്രോതാവിന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ സാധിച്ച കവിയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. ഇദ്ദേഹത്തിന്റെ പ്രണയ ആൽബങ്ങൾ കേട്ടിട്ട് മാത്രം പ്രണയിക്കാൻ തീരുമാനിച്ച ആളുകൾ വരെയുണ്ട്. ചില ന്യൂജെൻ നാട്ടു വിശേഷങ്ങളിലും ശക്തമായ ഒരു പ്രണയമുണ്ട്.

ആ പ്രണയം ജീവിതത്തിന്റെ പല തലങ്ങളിലേക്കും ചില ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ കഥയെ കൊണ്ടുപോകുന്നു. ബാങ്ക് ബാലൻസും, നല്ലൊരു ജോലിയും ഇല്ലാത്ത എന്നാൽ പ്രണയമെന്ന വികാരത്തോട് മുഖം തിരിക്കാനാവാത്ത ഒരു നായകനാണ് സിനിമയിൽ ഉള്ളത്. നിഷ്കളങ്കമായ ആ പ്രണയം സാക്ഷാത്കരിക്കണമെങ്കിൽ അവൻ ചില നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥനാകുന്നു. കാമുകി കാമുകന്മാരുടെ പ്രണയ സാഫല്യത്തിന് വിഘാതമായി എവിടെയും ചില മതിലുകൾ ഉണ്ടാകുന്നതു പോലെ ഈ സിനിമയിലെ നായകന്റെയും, നായികയുടെയും ഇടയിലും ചില തടസ്സങ്ങൾ ഉണ്ട്. ആ തടസ്സങ്ങളെയെല്ലാം തകർത്ത് പരസ്പരം കെട്ടിപ്പുണരാൻ അവർ കാത്തിരിക്കുന്നു.

ഈ സിനിമയിൽ പ്രണയത്തിനെന്നപോലെ നർമ്മത്തിനും വലിയ പ്രാധാന്യമാണുള്ളത്. സുരാജ് വെഞ്ഞാറമൂടും, ഹരീഷ് കണാരനും ചേർന്ന കോംബോ സിനിമയിൽ പൊട്ടിച്ചിരിയുടെ വിസ്മയം തീർത്തിരിക്കുന്നു. ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സോനു, ശിവകാമി എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

എം.ജയചന്ദ്രൻ ഈണമിട്ട അഞ്ചുപാട്ടുകളാണ് സിനിമയിൽ ഉള്ളത്. കഥാ സന്ദർഭങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഓരോ പാട്ടും സിനിമയിൽ കടന്നു വരുന്നത്. ഇതിൽ മൂന്നു പാട്ടുകൾ വിശ്വ പ്രണയത്തിന്റെ തീവ്ര ഭാവത്തിലുടെ കടന്നു പോകുന്നു.

ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന മനോഹര ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ശങ്കർ മഹാദേവൻ, ശ്രേയ ഘോഷൽ, എം. ജി ശ്രീകുമാർ എന്നിവർ ആലപിച്ച ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

ശക്തമായൊരു പ്രമേയം നർമ്മത്തിന്റെ മോമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന കെട്ടുറപ്പുള്ള ഒരു തിരക്കഥയാണ് ചിത്രത്തിന്റേത്. എസ്.എൽ പുരം ജയസൂര്യ തിരക്കഥയൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അനിൽ നായരാണ്. ഗാന രംഗങ്ങളുടെ ഓരോ ഫ്രെയിമും ഓരോ പെയിന്റിംഗു പോലെ മനോഹരമാക്കാൻ അനിൽ നായർക്ക് കഴിഞ്ഞിട്ടുണ്ട്.

പശ്ചാത്തല സംഗീതം ഗോപി സുന്ദർ. ബോബൻ കലാ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട് ആണ്. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലികയാണ്. കലാസംവിധാനം: ബോബന്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍: പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍: സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ: എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ് റീല്‍&റിയല്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്.

ബോറഡി ഇല്ലാതെ രണ്ടു മണിക്കൂർ ജീവിതത്തിന്റെ എല്ലാ ടെൻഷനും മാറ്റി വെച്ച് ആസ്വദിക്കാൻ പറ്റിയ ഒരു കിടിലൻ എന്റർടെയിനറാണ് ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ.

Tags

Related Articles

Post Your Comments


Back to top button
Close
Close