Latest NewsKeralaIndia

കുഞ്ഞുമായി യുവതി ജീവനൊടുക്കിയത്‌ തനിക്ക് ക്യാന്‍സര്‍ സ്‌ഥിരീകരിച്ചതു മൂലമെന്ന്‌ പോലീസ്

ഫയര്‍ഫോഴ്സിനെ വിവരം ധരിപ്പിച്ചെങ്കിലും ഇവര്‍ എത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരുടേയും മൃതദേഹം കരയ്ക്കെത്തിച്ചിരുന്നു.

പത്തനംതിട്ട: കോന്നി തേക്കുതോട്ടില്‍ കുഞ്ഞിനെ ഷാള്‍കൊണ്ട് അരയില്‍ ചേര്‍ത്തു വച്ചു കെട്ടി ആറ്റില്‍ച്ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. തേക്കുതോട് പാറക്കടവില്‍ വീട്ടില്‍ സുമോജിന്റെ ഭാര്യ ദേവിക(24), മകള്‍ ശ്രീദേവി(3) എന്നിവരാണ് വ്യാഴാഴ്്ച വൈകിട്ട് മരിച്ചത്. ദേവിക കുഞ്ഞിനെ ഷാള്‍ ഉപയോഗിച്ച്‌ അരയ്ക്ക് വെച്ച്‌ കെട്ടിയതിന് ശേഷം തേക്കുതോട് മൂഴി വാട്ടര്‍ അഥോറിറ്റി പമ്ബ് ഹൗസിന് സമീപം കല്ലാറ്റിലേക്ക് ചാടുകയായിരുന്നു.തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം ധരിപ്പിച്ചെങ്കിലും ഇവര്‍ എത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരുടേയും മൃതദേഹം കരയ്ക്കെത്തിച്ചിരുന്നു.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ തണ്ണിത്തോട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ഭര്‍ത്താവിന്റെ മൊഴി വിശ്വാസത്തിലെടുക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത് എന്നു പറയുന്നു.ബാത്ത്‌റൂമിലേക്ക്‌ പോയ ദേവികയെയും മക്കളെയും പിന്നീട്‌ ആറ്റില്‍ മരിച്ച നിലയിലാണ്‌ കണ്ടതെന്നാണ്‌ സുമോജിന്റെ മൊഴി. ദേവികയുടെ കൈയിലുണ്ടായിരുന്ന മുഴ രണ്ടാഴ്‌ച മുന്‍പ്‌ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ നിന്ന്‌ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. കാന്‍സറുണ്ടെന്ന പരിശോധനാ ഫലമാണ്‌ ലഭിച്ചത്‌. ഇതോടെ ദേവിക മാനസിക വിഷമത്തിലായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

അഞ്ചു വര്‍ഷം മുന്‍പാണ്‌ വ്യത്യസ്‌ത സമുദായങ്ങളില്‍പ്പെട്ട സുമോജും ദേവികയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്‌. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. കോഴഞ്ചേരി ആശുപത്രിയിലെ ചികില്‍സാ രേഖകള്‍ പരിശോധിച്ച പൊലീസ് സുമോജിന്റെ മൊഴിയാണ് വിശ്വാസത്തിലെടുത്തിരിക്കുന്നത് എന്നാണ് ദേവികയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. നാരങ്ങാനം സ്വദേശിയാണ് ദേവിക. സുമോജുമൊത്ത് തേക്കുതോട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

മുട്ടറ്റം വെള്ളം പോലുമില്ലാത്ത കല്ലാറ്റില്‍ ദേവികയും മകളും മുങ്ങി മരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലാണ്‌ അമ്മയുടെയും മകളുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തത്‌. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്നാണ്‌ സൂചന. സംഭവം നടന്നതിന്‌ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കായിരുന്നു മൃതദേഹം എത്തിച്ചത്‌. ഇവിടെ എത്തിയ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

shortlink

Post Your Comments


Back to top button